ബാബരി മസ്ജിദ് തകർക്കൽ: ഗൂഢാലോചനയില്ലെന്ന് കോടതി; പ്രതികളെ വെറുതെവിട്ടു
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്.
പള്ളി തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തല്ല. ക്രിമിനൽ ഗൂഢാലോചനക്ക് തെളിവില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല. വിഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായി കോടതി നിരീക്ഷിച്ചു. തെളിവുകൾ ഹാജാരക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദത്തോടും കോടതി യോജിച്ചു.
ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, കെ. ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാർ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഗാൾ, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആർ.വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യ ഗോപാൽ ദാസ്, ധരം ദാസ്, സതീഷ് നഗർ മുതലായവരാണ് ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൾ:
32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. പ്രതികളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും പ്രായാധിക്യം കാരണം കോടതിയിൽ എത്തിയില്ല. കോവിഡ് ബാധിതയായ ഉമാഭാരതിയും കോടതിയിലെത്തിയില്ല. കല്യാൺ സിങ്, നൃത്യ ഗോപാൽ സിങ്, സതീഷ് പ്രധാൻ എന്നിവരും കോടതിയിലെത്തിയില്ല. ഇവർ വിഡിയോ കോൺഫറൻസ് വഴി ഹാജരായി.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 1992 ഡിസംബര്‍ 16ന് ബാബരി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് 47 എഫ്.ഐ.ആറുകളാണ് ഉള്ളത്. ഇതിൽ അജ്ഞാതരായ കർസേവകർക്കെതിരെയാണ് ആദ്യ എഫ്.ഐ.ആർ. അദ്വാനിക്കും മറ്റുമെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതാണ് രണ്ടാമത്തെ പ്രഥമവിവര റിപ്പോർട്ട്. 351 സാക്ഷികൾ, 600ൽപരം തെളിവുരേഖകൾ. ആകെ 48 പ്രതികൾ ഉണ്ടായിരുന്നെങ്കിലും, ഏറെ വൈകിയ കോടതി നടപടികൾക്കിടയിൽ 16 പേർ മരിച്ചു.
ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് സമയം നല്‍കിയിരുന്നത്. എന്നാൽ, സ്‌പെഷല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഒരു മാസത്തെ സമയം കൂടി അനുവദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.