ബാബരി മസ്ജിദ് കേസ്: അദ്വാനിക്കെതിരായ കുറ്റം ഒഴിവാക്കാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസില്‍നിന്ന് ഉപപ്രധാനമന്ത്രിയായിരുന്ന കാലത്ത് കുറ്റമുക്തി നേടിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി വീണ്ടും കുരുങ്ങിയേക്കും. സാങ്കേതികകാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് റായ്ബറേലിയിലും ലഖ്നോവിലുമായി തുടരുന്ന രണ്ടു കേസുകള്‍ ഒന്നിച്ചാക്കി സംയുക്ത വിചാരണ നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന സൂചനയും സുപ്രീംകോടതിയില്‍നിന്ന് തിങ്കളാഴ്ച ഉണ്ടായി. ഈ രണ്ടു വിഷയത്തിലും മാര്‍ച്ച് 22ന് പരമോന്നത കോടതി അന്തിമ തീരുമാനമെടുക്കും.
ബാബരി മസ്ജിദ് പൊളിച്ചതിന് കര്‍സേവകര്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍, പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍നിന്ന് ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി 2003 സെപ്റ്റംബറിലാണ് കുറ്റമുക്തനാക്കപ്പെട്ടത്. കേസ് വിചാരണ ചെയ്യാന്‍ ലഖ്നോ ബെഞ്ച് രൂപവത്കരിച്ചതിലെ നിയമസാധുതയെന്ന സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്.
മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ്, ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ തുടങ്ങിയ മറ്റു പ്രതികള്‍ക്കും കേസില്‍നിന്ന് തലയൂരാന്‍ സാധിച്ചിരുന്നു. പിന്നീട് വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കുറ്റമുക്തരാക്കിയതിനെതിരെ വിയോജിപ്പുമായി സി.ബി.ഐ ഹൈകോടതിയിലും സുപ്രീംകോടതിയിലും എത്തിയത്. അദ്വാനിയെയും മറ്റും വിട്ടതിനെതിരെ മെഹ്ബൂബ് അഹ്മദ് ഹാജിയും സുപ്രീംകോടതിയില്‍ എത്തി. ഈ പരാതികളാണ് ജസ്റ്റിസ് പി.സി. ഘോഷിന്‍െറ നേതൃത്വത്തിലെ ബെഞ്ച് പരിഗണിക്കുന്നത്.
2015ല്‍ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ വൈകുന്നതിലെ കാലതാമസത്തില്‍ ബെഞ്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സി.ബി.ഐ വൈകിയതെന്താണെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ മസ്ജിദ് തകര്‍ത്ത കർസേവകർക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേർക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്. മരണപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് ശിവസേന നേതാവ് ബാൽ താക്കറയെ കോടതി ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.