ബാബരി ഭൂമി കേസ്: രണ്ടാം മധ്യസ്ഥം പൊളിഞ്ഞു
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന് നാലു ദിവസം കൂടി മാത്രം ബാക്കി നിൽക്കേ സുപ്രീംകോടതി നിയോഗിച്ച സമിതി നടത്തിയ അവസാന മധ്യസ്ഥ നീക്കം ഇരുവിഭാഗവും തള്ളിക്കളഞ്ഞു. ഇൗ മാസം 18ന് തീർക്കേണ്ടിയിരുന്ന അന്തിമ വാദം ഒരു ദിവസം നേരത്തേയാക്കി 17നുതന്നെ തീർക്കാൻ തീരുമാനിച്ച് ദസറ അവധിക്കായി സുപ്രീംകോടതി പിരിഞ്ഞ സമയത്താണ് മൂന്നംഗ സമിതി മധ്യസ്ഥത്തിനായി ഡൽഹിയിൽ യോഗം വിളിച്ചത്. രണ്ടാമത്തെ മധ്യസ്ഥ നീക്കത്തെ കോടതിയിൽതന്നെ ഹിന്ദുപക്ഷം എതിർത്തപ്പോൾ ചർച്ചക്കുള്ള ക്ഷണം സുന്നി വഖഫ് ബോർഡ് നിരസിച്ചു.
ഹിന്ദു പക്ഷത്തെ ഒരു കക്ഷിയായ രാംലല്ലയെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകൻ സി.എസ്. ൈവദ്യനാഥൻ മധ്യസ്ഥ നീക്കം സുപ്രീംകോടതിയിൽതന്നെ തള്ളിയിരുന്നു. സുപ്രീംകോടതി ആദ്യം നിയോഗിച്ച സമയത്ത് മധ്യസ്ഥത്തിന് താൽപര്യം കാണിച്ചിരുന്ന സുന്നി വഖഫ് ബോർഡ്, രണ്ടാമത്തെ ശ്രമങ്ങളിൽ തങ്ങൾക്ക് താൽപര്യമില്ലെന്നറിയിച്ചു.
ന്യൂഡൽഹി ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ ബുധനാഴ്ച വിളിച്ച മധ്യസ്ഥ ചർച്ചക്ക് തങ്ങളില്ലെന്ന് സുന്നി വഖഫ് ബോർഡ് മൂന്നംഗ സമിതിയെ അറിയിച്ചു. സുപ്രീംകോടതിയിലെ അന്തിമ വാദം അവസാനിപ്പിക്കാനിരിക്കേ അതുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും മധ്യസ്ഥ ചർച്ചയിൽ പെങ്കടുക്കാൻ കഴിയില്ലെന്നും വഖഫ് ബോർഡ് പ്രതിനിധികൾ അറിയിച്ചുവെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗം എസ്.ക്യൂ.ആർ ഇല്യാസ് ‘മാധ്യമ’ത്തോടു പറഞ്ഞു. സുപ്രീംകോടതി മധ്യസ്ഥ ശ്രമം പരാജയപ്പെെട്ടന്ന് വിലയിരുത്തിയ ശേഷം ആരാണ് ഇൗ രണ്ടാമത്തെ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും ബോർഡ്, സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൗ വർഷം സുന്നി വഖഫ് ബോർഡ് മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദേശത്തിൽനിന്ന് മറുപടിയായി മറ്റു വല്ല നിർദേശങ്ങളും ആരെങ്കിലും സമർപ്പിച്ചോ എന്നും വഖഫ് ബോർഡ് ആരാഞ്ഞു. വഖഫ് ബോർഡ് മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഫോർമുല ചർച്ച ചെയ്യാൻ തയാറാകാതിരുന്ന ഹിന്ദുപക്ഷം ബദൽ ഫോർമുല വെക്കാനും തയാറായില്ല.
ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല, ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, അന്താരാഷ്ട്ര മധ്യസ്ഥനും അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരടങ്ങുന്ന സമിതി തങ്ങൾക്ക് ഒരവസരം കൂടി വേണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് സുപ്രീംകോടതി സമയം അനുവദിച്ചത്.
അവസാനമായി ഒരു ശ്രമത്തിന് കൂടി മധ്യസ്ഥ സമിതിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അനുമതി നൽകിയ ശേഷം ആദ്യമായി എല്ലാ കക്ഷികളെയും വിളിക്കുന്നത് ബുധനാഴ്ചയാണ്. ഹിന്ദു മഹാസഭ മധ്യസ്ഥത്തിനുണ്ടാകില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നതുകൊണ്ടാണ് തങ്ങൾ വിട്ടുനിൽക്കുന്നതെന്ന് നിർമോഹി അഖാഡയും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.