ബാബരി മസ്ജിദ് തകർത്തതിന്‍റെ വാർഷികം: ഹിന്ദുത്വ ഭീഷണിയിൽ മഥുരയിൽ കനത്ത സുരക്ഷ
text_fieldsഹിന്ദുത്വ തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിന്‍റെ 29ാം വാർഷികമായ ഡിസംബർ ആറിന് പുതിയ തകർക്കൽ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാർ സംഘടനകൾ. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദാണ് ഇക്കുറി അവർ ഉന്നമിട്ടിരിക്കുന്നത്.
ബാബരി മസ്ജിദ് തകർത്ത ദിവസം പള്ളിയിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും എന്നാണ് തീവ്രവാദികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബാബരി മസ്ജിദിൽ രാമജൻമ ഭൂമി പ്രശ്നം ഉയർത്തിയവർ ഇവിടെ കൃഷ്ണ ജൻമഭൂമി പ്രശ്നംആണ് ഉയർത്തിക്കാട്ടുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ ശ്രീകൃഷ്ണ ജന്മസ്ഥാൻ ആണെന്നാണ് ഹിന്ദുത്വ തീവ്രവാദികൾ ആരോപിക്കുന്നത്.
ഡിസംബർ ആറിന് അടുത്തുള്ള ഷാഹി ഈദ്ഗാ പള്ളിയിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഏതാനും വലതുപക്ഷ ഗ്രൂപ്പുകൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാരിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
മഥുരയിലെ നിവാസികൾ തിങ്കളാഴ്ച രാവിലെ ഉണർന്നത് തങ്ങളുടെ നഗരം ഒരു കോട്ടക്ക് സമാനമായ സുരക്ഷയാൽ വലയം ചെയ്യപ്പെട്ടത് കണ്ടുകൊണ്ടാണ്. രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിന്‍റെ ആസ്ഥാനമായ അയോധ്യയിൽ നിന്ന് വ്യത്യസ്തമായി, മഥുര നിരവധി പതിറ്റാണ്ടുകളായി സൗഹാർദത്തിന് ഒരു ഭീഷണിയും നേരിട്ടിട്ടില്ലാത്തതിനാൽ അഭൂതപൂർവമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാൽ പള്ളിക്കുള്ളിൽ ഹിന്ദു ആചാരങ്ങൾ നടത്തുമെന്ന ചില ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി പ്രദേശത്തെ ശാന്തത തകർത്തു.
നഗരത്തിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡുകൾ ഉണ്ട്. ക്ഷേത്ര-മസ്ജിദ് സമുച്ചയങ്ങൾക്ക് പിന്നിലൂടെയുള്ള നാരോ ഗേജ് റെയിൽവേ ട്രാക്ക് പോലും അടച്ചിട്ടിരിക്കുകയാണ്. മഥുര-വൃന്ദാവൻ ഇരട്ട നഗരങ്ങൾക്കിടയിലുള്ള രണ്ട് തീർഥാടന ട്രെയിനുകൾ യാർഡുകളിൽ തങ്ങും. ആളുകൾ കൂട്ടംകൂടുന്നതിനെതിരെ നിരോധനാജ്ഞ നിലവിലുണ്ട്.
പരിശോധനയിൽ ക്ഷേത്രത്തിലോ പള്ളിയിലോ പ്രവേശിക്കുന്നവരോട് തിരിച്ചറിയൽ രേഖകൾ നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ വൻ സുരക്ഷാ കവചം ഏർപ്പെടുത്തിയിരുന്ന മുഴുവൻ സമുച്ചയവും സി.സി ടി.വികളുടെയും പൊലീസ് ഡ്രോണുകളുടെയും നിരീക്ഷണത്തിലാണ്. ഡിസംബർ ആറിന് പള്ളിയിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഖിൽ ഭാരത് ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിർമ്മാൺ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദൾ എന്നീ സംഘടനകൾ ആണ് ഇതിനായി രംഗത്തുള്ളത്. 'ഞങ്ങൾ ഇരുവശത്തുമുള്ള മുതിർന്നവരുമായും മതമേലധ്യക്ഷന്മാരുമായും സംസാരിച്ചു. പ്രശ്‌നമുണ്ടാക്കുന്നവരോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നതാണ് ലഖ്‌നൗവിൽ നിന്നുള്ള സന്ദേശം' -ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.