ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ
text_fieldsന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ രാമക്ഷേത്ര കര്‍സേവക്കുപോയി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ കോടതി സെപ്റ്റംബര്‍ 30ന് വിധി പറയും. ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാൽ, സ്‌പെഷല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഒരു മാസത്തെ സമയം, അതായത് 2020 സെപ്റ്റംബര്‍ 30 വരെ അനുവദിക്കുകയുമായിരുന്നു.
വിധി പറയുന്ന ദിവസം പള്ളി തകര്‍ത്ത പ്രതികളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരടക്കം 32 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കി. പള്ളി തകര്‍ക്കുന്നതിലേക്ക് നയിച്ച കര്‍സേവയുടെ ഗൂഢാലോചനയില്‍ അദ്വാനിക്കും ജോഷിക്കും ഉമ ഭാരതിക്കും പങ്കുണ്ടെന്ന് സി.ബി.ഐ ബോധിപ്പിച്ചിരുന്നു. 92കാരനായ അദ്വാനി പ്രത്യേക സി.ബി.ഐ കോടതിയില്‍ കഴിഞ്ഞ ജൂലൈ 24ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മൊഴി നല്‍കിയത്. 86 കാരനായ ജോഷി അതിെൻറ തലേന്നും മൊഴി നല്‍കി. തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റം ഇരുവരും നിഷേധിച്ചു. പള്ളി തകര്‍ത്തതിെൻറ പേരില്‍ തന്നെ ജയിലിലയക്കുകയാണെങ്കില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവളാകുമെന്നാണ് ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഉമ ഭാരതി പറഞ്ഞത്.
ദിവസേന വിചാരണ നടത്തി രണ്ടുവര്‍ഷത്തിനകം വിധി പറയാന്‍ 2017 ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നിരവധി തവണ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഒടുവില്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിയാണ് സെപ്റ്റംബര്‍ 30. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അതേ സുപ്രീംകോടതി എല്ലാവരെയും അമ്പരപ്പിച്ച് അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കാന്‍ തകര്‍ക്കുന്നതില്‍ പങ്കാളിയായ വിശ്വഹിന്ദു പരിഷത്തിന് തന്നെ സ്ഥലം വിട്ടുകൊടുക്കുന്ന തരത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഭൂമി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ട 'രാം ലല്ല വിരാജ്മാന്‍' എന്ന കക്ഷിയായി കേസ് നടത്തിയത് വിശ്വ ഹിന്ദു പരിഷത്ത് ആയിരുന്നു. വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ മൂന്നുമാസം കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ രാജ്യസഭയിലെത്തിക്കുകയും ചെയ്തു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 1992 ഡിസംബര്‍ 16ന് ബാബറി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.