അഖിലേഷിന് തിരിച്ചടി; എസ്.പി ദേശീയ ജനറൽ സെക്രട്ടറി പാർട്ടിവിട്ട് കോൺഗ്രസിലേക്ക്
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ സമാജ്‍വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി സ്ഥാപകാംഗവും ദേശീയ ജനറൽ സെക്രട്ടറിയുമായ രവി പ്രകാശ് വർമ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്. മുൻ എം.പി കൂടിയായ രവി പ്രകാശ് വർമ നവംബർ ആറിന് കോൺഗ്രസിൽ ചേരും. കോൺഗ്രസിൽ ചേരുകയല്ലെന്നും തിരിച്ചുപോവുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ കുടുംബം രാഷ്ട്രീയം ആരംഭിച്ചത് കോൺഗ്രസിലൂടെയാണെന്നും തന്റെ പിതാവ് പലതവണ പാർട്ടിയുടെ എം.പിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‍വാദി പാർട്ടി മുലായം സിങ്ങിന്റെ പാതയിൽനിന്ന് വ്യതിചലിച്ചിരിക്കുകയാണെന്ന് രവി പ്രകാശ് വർമ ആരോപിച്ചു. തന്റെ ജില്ലയായ ലഖിംപൂർ ജില്ലയിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് നൽകിയ രാജിക്കത്തിൽ പറഞ്ഞു.
കുർമി വിഭാഗത്തിൽനിന്നുള്ള ഏറെ സ്വാധീനമുള്ള നേതാവാണ് രവി പ്രകാശ് വർമ. ലഖിംപൂരിൽനിന്ന് മൂന്നുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 മുതൽ 2020 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. ഈ വർഷം ജനുവരിയിലാണ് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പിതാവ് ബാല ഗോവിന്ദ് വർമയും മാതാവ് ഉഷ വർമയും നേരത്തെ ലഖിംപൂരിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. 2019ൽ മകൾ പൂർവി വർമ എസ്.പി-ബി.എസ്.പി സഖ്യ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.