കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം
text_fieldsലഖ്നോ: കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചതിന് പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിയിൽപ്പെട്ടവരുടെ ക്രൂരമർദനം. ഉത്തർപ്രദേശിലാണ് സംഭവം. കുടുംബത്തിലെ യുവതിയെ സംഘം ബലാത്സംഗം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്.
ചിത്രകൂട് ജില്ലയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആക്രോഷിച്ചുവെന്നും ഇരകളിൽ ഒരാളായ വിഷ്ണുകാന്ത് പറഞ്ഞു.
“അക്രമികളിൽ ഒരാൾ എന്നെ തടഞ്ഞുനിർത്തുകയും ഞാനൊരു ശുദ്രനാണ്, എനിക്ക് അവരുടെ വീടിന് മുമ്പിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും പറഞ്ഞു. അദ്ദേഹം എന്നെ കാൽതൊട്ട് വണങ്ങാൻ ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെ അദ്ദേഹം കൂട്ടാളികളെയും വിളിച്ചുവരുത്തി. എന്നെ രക്ഷിക്കാൻ ശ്രമിച്ച എൻ്റെ മറ്റ് രണ്ട് സഹോദരന്മാരെയും അവർ മർദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സഹോദരിയും ഞങ്ങളെ രക്ഷപ്പെടുത്താനെത്തി. ഇതിനിടെ സംഘം സഹോദരിയുടെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു,“ വിഷ്ണുകാന്ത് പറയുന്നു. പ്രതികളിൽ നിന്നും രക്ഷപ്പെട്ട് വീടിനുള്ളിൽ കയറിയിരുന്നെങ്കിലും സംഘം പിന്തുടർന്നെത്തുകയും വീട് തകർക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.