ബദൽ കാർഷിക ബില്ലിന് കോൺഗ്രസ്; കേന്ദ്ര നിയമം മറികടക്കാൻ പാർട്ടി മുഖ്യമന്ത്രിമാരോട് സോണിയ
text_fieldsന്യൂഡൽഹി: പാർലമെൻറ് ഏകപക്ഷീയമായി പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച വിവാദ കാർഷിക നിയമപരിഷ്കരണം മറികടക്കാൻ ബദൽ നിയമ നിർമാണത്തിന് ശ്രമിക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം.
രാഷ്ട്രപതി ഒപ്പുവെച്ചതോടെ വിവാദമായ മൂന്നു കാർഷിക ബില്ലുകളും പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. എന്നാൽ, കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നിരിക്കേ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഭരണഘടനയുടെ 254(2) വകുപ്പ് നൽകുന്ന അവകാശം പ്രയോജനപ്പെടുത്തി നിയമസഭയിൽ ബദൽ നിയമനിർമാണം നടത്തണമെന്നാണ് കോൺഗ്രസ് നൽകുന്ന നിർദേശം.
എന്നാൽ, സംസ്ഥാന നിയമനിർമാണം നടപ്പാക്കാൻ കഴിഞ്ഞുവെന്ന് വരില്ല. നിയമസഭ പാസാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടണം. പാർലമെൻറ് പാസാക്കിയ കേന്ദ്രനിയമത്തിനെതിരായ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാനിടയില്ല. സംസ്ഥാനത്തുനിന്നുള്ള ബില്ലുകൾ പാസാക്കാതെ തിരിച്ചയച്ച മുൻകാല സംഭവങ്ങളും നിരവധി. എന്നാൽ, ഈ പോരാട്ടത്തിലൂടെ, ബില്ലിനെതിരായ കർഷക രോഷത്തിനൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തുക എന്ന രാഷ്ട്രീയ തന്ത്രം കൂടിയാണ് പാർട്ടി പുറത്തെടുക്കുന്നത്.
കർഷകരോഷം ഏറ്റവും കൂടുതൽ ആളുന്ന പഞ്ചാബ് ഭരിക്കുന്നത് കോൺഗ്രസാണ്. രാജസ്ഥാൻ അടക്കം കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും നിയമനിർമാണം എളുപ്പമാണ്. അതിനോടുള്ള കേന്ദ്ര നിലപാട് തുറന്നു കാട്ടാനും നിയമനിർമാണവും തുടർന്നുള്ള നടപടികളും സഹായിക്കും.
കർഷക പ്രതിഷേധം മുന്നിൽനിന്നു നയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ പ്രധാന സമരവേദിയായ പഞ്ചാബ് സന്ദർശിക്കാനുള്ള പുറപ്പാടിലാണ് പാർട്ടി നേതാവ് രാഹുൽ ഗാന്ധി. കർഷക സമരങ്ങളിൽ രാഹുൽ പങ്കെടുക്കും. ഹരിയാനയിലേക്കു പോകാനും ഉദ്ദേശ്യമുണ്ട്. അവിടത്തെ ബി.ജെ.പി സർക്കാർ രാഹുലിെൻറ സമരം തടയാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാലും നേട്ടം കോൺഗ്രസിനാണ്.
രാഷ്ട്രപതി കാർഷിക ബില്ലുകൾ ഒപ്പുവെച്ചതിനു പിന്നാലെ കോൺഗ്രസിലെ ടി.എൻ. പ്രതാപൻ എം.പി സുപ്രീംകോടതിയിൽ ഹരജി നൽകിട്ടുണ്ട്. കേരള സർക്കാർ നിയമയുദ്ധത്തിന് ഒരുങ്ങുേമ്പാൾ, അതിനു മുേമ്പയാണ് പ്രതാപെൻറ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.