ബദ്‌ലാപൂർ പൊലീസ് വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിക്കാനും പരിശോധിക്കാനും കോടതി നിർദേശിച്ചു. പ്രതികൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ശക്തമായ ഫോറൻസിക് തെളിവുകൾ ഉൾപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.
നിലവിൽ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ച പ്രതിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകളെ കുറിച്ച് സി.ഐ.ഡിയെ കോടതി ചോദ്യം ചെയ്തു. വെടിവെപ്പിലെ അവശിഷ്ടങ്ങൾ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത കോടതി ആവർത്തിച്ചു.
‘മൃതദേഹം ഏറ്റവും നിശബ്ദവും സത്യസന്ധവുമായ സാക്ഷിയാണ്’ ജസ്റ്റിസുമാരായ രേവതി മൊഹിതേ-ദേരെയും പൃഥ്വിരാജ് ചവാനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണത്തിനായി മജിസ്‌ട്രേറ്റിന് കൈമാറിയതായി സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ബീരേന്ദ്ര സറഫ് കോടതിയെ അറിയിച്ചു.
ജുഡീഷ്യൽ കമീഷൻ നവംബർ 18 ന് റിപ്പോർട്ട് സമർപ്പിക്കും. മകൻ കൊല്ലപ്പെട്ടതാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശം നൽകിയത്.
ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 23ന് തലോജ ജയിലിൽ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടിയ പ്രതി വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.