ഛത്തീസ്ഗഡിൽ ഇ.വി.എമ്മിൽ ക്രമക്കേട്; വോട്ട് രേഖപ്പെടുത്തിയ ശേഷം ഇ.വി.എമ്മുകൾ മാറ്റിയെന്ന് മുൻ മുഖ്യമന്ത്രി
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിപാറ്റ് യൂനിറ്റുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും മാറ്റിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും മണ്ഡലത്തിലെ കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ. ഇ.വി.എം മെഷീനുകളുടെ നമ്പറുകൾ അടങ്ങിയ ഫോം 17സിയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്നും വ്യത്യസ്തമാണ് തെരഞ്ഞടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഇ.വിഎമ്മുകളുടെ നമ്പർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം വന്ന ഇ.വി.എമ്മുകളുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും ഭാഗേൽ പങ്കുവെച്ചിട്ടുണ്ട്.
എക്സിൽ പങ്കുവെച്ച് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"വോട്ടിങ് സമയത്ത് ഉപയോഗിച്ചിരുന്ന ഇ.വി.എം മെഷീനുകളുടെ നമ്പർ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിരുന്നു. ഇതിൽ വിവിപാറ്റ്, കൺട്രോൾ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവയുടെ നമ്പറുകളും ഉൾപ്പെടുന്നുണ്ട്. രാജ്നന്ദ് ഗാവ് മണ്ഡലത്തിൽ വോട്ടിങ്ങിന് ശേഷം നിരവധി ഇ.വി.എമ്മുകളുടെ നമ്പറുകളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. നമ്പറുകൾ മാറ്റം വന്ന ബൂത്തുകളിലെ ആയിരത്തിൽ പരം വോട്ടുകളെ ഇത് ബാധിക്കും. മറ്റ് അനേകം മണ്ഡലങ്ങളിൽ നിന്നും സമാന രീതിയിൽ ക്രമക്കേടുകൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽക്കുകയാണ്", ഭാഗേൽ എക്സിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേടുകൾ സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും മെഷീനുകളിൽ മാറ്റം സംഭവിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മണ്ഡലത്തിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സംഖ്യകളിൽ പൊരുത്തക്കേടുകൾ ഇല്ലെന്നുമാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം.
ഛത്തീസ്ഗഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് ബി.ജെ.പിക്ക് അനുകൂലമാണ്. എട്ട് സീറ്റുകളിൽ ബി.ജെ.പിയും രണ്ട് സീറ്റുകളിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഏപ്രിൽ 19, 26, മേയ് 7 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എക്സിറ്റ് പോളുകളിൽ ബി.ജെ.പിക്ക് അനുകൂലമാണ് സംസ്ഥാനമെന്നായിരുന്നു റിപ്പോർട്ട്.
11 ലോക്സഭാ മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിൽ വിധിയെഴുതിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 9 മണ്ഡലങ്ങൾ ബി.ജെ.പി തൂത്തുവാരിയപ്പോൾ വെറും രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ബിലാസ്പൂർ, ദുർഗ്, സർഗുജ, റായ്ഗഡ് തുടങ്ങിയ സീറ്റുകൾ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ബി.ജെ.പിക്കൊപ്പമാണ്. ഇത്തവണ കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.