ദുരന്തക്കാഴ്ചകൾ കാണാൻ ബഹാനഗ ബസാറിലിപ്പോഴും തിരക്ക്
text_fieldsഭുവനേശ്വർ: ബഹാനഗ ബസാറിലെ സ്റ്റേഷൻ പരിസരത്ത് നാളുകൾക്ക് മുമ്പുണ്ടായ മഹാദുരന്തത്തിന്റെ ശേഷിപ്പുകൾ കാണാൻ ഇപ്പോഴും നല്ല തിരക്കാണ്. ട്രെയിനുകൾ ചിലത് സർവിസ് നടത്തുന്നുണ്ടെങ്കിലും ട്രാക്കുകൾക്കിരുവശത്തുമായി തകർന്ന കോച്ചുകളടക്കം ചിതറിക്കിടക്കുന്നുണ്ട്. എത്തുന്നവരിൽ ഏറെ പേരും കാഴ്ച കണ്ട് മടങ്ങുമ്പോൾ ഉറ്റവരെ ഇനിയും കണ്ടെത്താനാകാത്ത ചിലർ അവരുടെ വല്ല അടയാളങ്ങളുമുണ്ടോ എന്ന് തിരയുന്നുമുണ്ട്. കട്ടക്, ബാലസോർ, ഭുവനേശ്വർ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും പ്രവേശിപ്പിച്ചിരുന്നത്. അവിടെ തിരച്ചിൽ പൂർത്തിയാക്കിയാണ് ബഹാനഗ ബസാറിലെ സ്റ്റേഷൻ പരിസരത്ത് എത്തുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളേറെയും ഇപ്പോൾ ഭുവനേശ്വർ ആശുപത്രിയിലാണുള്ളത്.
മൂന്നു ട്രെയിനുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒഡിഷ ബാലസോറിലെ ബഹാനഗ ബസാർ സ്റ്റേഷനിൽ കൂട്ടിയിടിച്ചത്. കോറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചവരിൽ മഹാഭൂരിപക്ഷവും. ട്രെയിനുകളിൽ പലതും ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അടുത്ത രണ്ടു ദിവസത്തിനകം പൂർണാർഥത്തിൽ സർവിസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പതിവു സർവിസ് തുടങ്ങി. ബുധനാഴ്ച വൈകീട്ട് 3.25നാണ് കൊൽക്കത്ത ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ ലക്ഷ്യമാക്കി ട്രെയിൻ പുറപ്പെട്ടത്. നേരത്തേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ ട്രെയിനിൽ മിനിറ്റുകൾക്കകം യാത്രക്കാർ നിറഞ്ഞത് കൗതുകമായി.
മുമ്പ് ഇതേ ട്രെയിനിൽ യാത്ര ചെയ്ത് കാണാതായവരുടെ ബന്ധുക്കളിൽ ചിലരും ഇതേ ട്രെയിനിൽ ഭുവനേശ്വറിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.