'സുള്ളി ഡീൽ' പ്രതികൾക്ക് ജാമ്യം
text_fieldsന്യൂഡൽഹി: വിവാദമായ സുള്ളി ഡീൽ, ബുള്ളി ബായ് ആപുകൾ വഴി രാജ്യത്തെ പ്രമുഖ മുസ്ലിം വനിതകളെ ഓൺലൈനിൽ 'ലേല'ത്തിനു വെച്ച കേസിലെ പ്രതികൾക്ക് ജാമ്യം. പ്രതികളായ നീരജ് ബിഷ്ണോയി, ഓംകാരേശ്വർ ഠാകുർ എന്നിവർക്ക് മാനുഷിക പരിഗണന വെച്ചാണ് ഡൽഹി കോടതിയാണ് ജാമ്യം നൽകിയത്. ജയിൽവാസം നീണ്ടാൽ 'കരിയറി'ന് ദോഷം ചെയ്യുമെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
20 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിയായ നീരജ് ബിഷ്ണോയ് ആദ്യമായി ഒരു കുറ്റകൃത്യം ചെയ്യുകയാണെന്നും കോളജിൽനിന്ന് ഇതിനകം സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് പങ്കജ് ശർമ ചൂണ്ടിക്കാട്ടി. ഇതു നീരജിനെ കരിയറിലും തൊഴിലിലും മൊത്തത്തിലും ദോഷകരമായി ബാധിക്കും. നീരജ് ശുദ്ധപാരമ്പര്യമുള്ള ആദരണീയ കുടുംബത്തിൽനിന്നുള്ളവനാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കണക്കിലെടുത്ത മജിസ്ട്രേറ്റ് സമൂഹത്തിൽ വേരുകളുള്ള ചെറുപ്പക്കാരനായതിനാൽ അവൻ ഓടിക്കളയുമെന്ന് ആശങ്കപ്പെടേണ്ടെന്നും വ്യക്തമാക്കി.
വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവുമുണ്ടാക്കാൻ 'ആപ്' വികസിപ്പിച്ച പ്രതിയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും മജിസ്ട്രേറ്റ് സ്വീകരിച്ചില്ല. അതേ സമയം, സുള്ളി ഡീൽ ആപിന്റെ നിർമാതാവ് എന്ന് ഡൽഹി പൊലീസ് വിശേഷിപ്പിച്ച 25കാരനായ ഓംകാരേശ്വർ ഠാകുറിന്റെ ജാമ്യം ഫോറൻസിക് ലബാറട്ടറികളിൽനിന്നുള്ള മറുപടി കിട്ടിയില്ല എന്ന കാരണംകൊണ്ട് മാത്രം നിഷേധിക്കാനാവില്ല എന്നാണ് മജിസ്ട്രേറ്റ് പങ്കജ് ശർമ പറഞ്ഞത്. ഫോറൻസിക് ഫലത്തെ സ്വാധീനിക്കാവുന്ന പദവിയിലുള്ള ആളല്ല പ്രതിയെന്നും കോടതി കൂട്ടിച്ചേർത്തു.
ജാമ്യം സമാന്തര അന്വേഷണങ്ങൾക്കൊടുവിൽ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മുസ്ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിന് വെച്ച സ്ത്രീ വിരുദ്ധ വിദ്വേഷ ആപുകളായിരുന്നു ഈ വർഷം ഉണ്ടാക്കിയ 'ബുള്ളി ബായി'യും കഴിഞ്ഞ വർഷം ഉണ്ടാക്കിയ 'സുള്ളി ഡീലും'. മുംബൈ പൊലീസും ഡൽഹി പൊലീസും സമാന്തരമായി രണ്ട് അന്വേഷണങ്ങൾ നടത്തുന്നതിനിടയിലാണ് പ്രതികൾക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം.
ഇവ രണ്ടിനുമെതിരെ ഡൽഹി പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയുടെ പരാതിയെ തുടർന്ന് മുംബൈ പൊലീസ് ആണ് ആദ്യം അന്വേഷണവുമായി മുന്നോട്ടുപോയത്. അതോടെ അറസ്റ്റും കേസുമായി ഡൽഹി പൊലീസും രംഗത്തുവരുകയായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച യഥാർഥ ശൃംഖല കണ്ടെത്താൻ ഇരകളും സാമൂഹിക പ്രവർത്തകരും അടക്കം 4463 പേർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.