ജാമ്യം വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത്; വേഗം തീർപ്പാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജാമ്യവും മുൻകൂർ ജാമ്യവും വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും ഈ ഹരജികൾ വേഗത്തിൽ ലിസ്റ്റ് ചെയ്യുകയും തീർപ്പാക്കുകയും ചെയ്യണമെന്ന് ഹൈകോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി.
വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരുടെ ഉത്തരവ്. ജാമ്യ ഹരജികൾ അനാവശ്യമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കണമെന്ന് 2022ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പല കോടതികളും ഇതിൽ അമാന്തംകാണിക്കുന്ന സാഹചര്യത്തിൽ ഉത്തരവിന്റെ പകർപ്പ് രജിസ്ട്രാർ ജനറലിനും എല്ലാ ഹൈകോടതികളിലെയും ബന്ധപ്പെട്ടവർക്ക് അയക്കാനും നിർദേശിച്ചു.
ഛത്തിസ്ഗഢ് ഹൈകോടതിയുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതി ഉത്തരവ് ലഭിച്ച് നാലാഴ്ചക്കകം മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് തീർപ്പാക്കാനും കോടതി നിർദേശിച്ചു.
അതുവരെ ഹരജിക്കാരന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകി ഉത്തരവിട്ടു. ഇടക്കാല സംരക്ഷണം ജാമ്യഹരജി പരിഗണിക്കുന്നതിനെ സ്വാധീനിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.