ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രീംകോടതി വേനലവധിക്ക് ശേഷം പരിഗണിക്കും
text_fieldsബംഗളൂരു: സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും. 2014 മുതല്‍ സുപ്രീംകോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് അബദുന്നാസിര്‍ മഅ്ദനി. നേരത്തെ എപ്രില്‍ അഞ്ചിന് പരിഗണനക്ക് വന്ന ഹരജി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചായിരുന്നു പരിഗണിച്ചത്. ഈ ബഞ്ചിലെ ജഡ്ജിയായ വി. രാമസുബ്രമണ്യന്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മഅ്ദനിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ മുമ്പ് ഹാജരായതിനാല്‍ കേസ് മറ്റൊരു ബഞ്ച് പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റിയിരുന്നു.
പിന്നീട് കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഉണ്ടായ നിയന്ത്രണങ്ങള്‍ മൂലം കോടതി നടപടികള്‍ നിറുത്തിവെച്ചതിനെ തുടര്‍ന്ന് മാറ്റുകയാണുണ്ടായത്. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വേനലവധി വന്നതിനാല്‍ ഹരജി ജൂലൈ അഞ്ചിന് ശേഷമേ ഇനി പരിഗണിക്കുകയുള്ളുവെന്ന് പി.ഡി.പി സംസ്ഥന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
സുപ്രീംകോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് കൊണ്ടാണ് താന്‍ ബംഗളൂരുവിൽ തുടരുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം ആരോഗ്യം വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നും ഹരജിയിൽ പറഞ്ഞിരുന്നു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയനായി. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്. തന്‍റെ സാന്നിദ്ധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാം. ആവശ്യമാകുമ്പോഴൊക്കെ കോടതിയില്‍ താന്‍ ഹാജരാകാം. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇതിനെതിരെ ശക്തമായ എതിര്‍വാദങ്ങള്‍ നിരത്തി കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ സത്യവാങ്ങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.