ആശിഷ് മിശ്രയ്ക്ക് ജാമ്യം: പ്രധാനമന്ത്രിക്ക് രാജ്യത്തോട് ചില ധാർമിക ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് പ്രിയങ്ക ഗാന്ധി
text_fieldsനോയിഡ: ലഖിംപൂർ ഖേരി കൊലപാതകക്കേസിലെ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിക്ക് രാജ്യത്തോട് ചില ധാർമ്മിക ഉത്തരവാദിത്തങ്ങളുണ്ടെന്നും ലഖിംപൂർ ഖേരി കൊലപാതകക്കേസിലെ പ്രതിയുടെ പിതാവായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി എന്തുകൊണ്ടാണ് നരേന്ദ്ര മോദി ആവശ്യപ്പെടാത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാംപൂരിൽ ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാഷ്ട്രത്തോടുള്ള ധാർമികമായ ഉത്തരവാദിത്തം നിറവേറ്റേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും ഈ കടമ എല്ലാ ധർമ്മങ്ങൾക്കും മുകളിലായിരിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജാമ്യം ലഭിച്ച ആശിഷ് മിശ്രക്ക് ഇനി പരസ്യമായി കറങ്ങിനടക്കാമെന്നും കൊല്ലപ്പെട്ട കർഷകർക്ക് ഇവിടെ എന്ത് നീതിയാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കർഷകകൊലപാതകം നടന്ന സമയത്ത് പൊലീസും ഭരണകൂടവുമൊന്നും ഈ വിഷയത്തിൽ ഇടപെട്ടില്ലെന്നും എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കുന്നത് തടയാന്‍ പൊലീസ് കൃത്യസമയത്ത് എത്തിയെന്നും അവർ കുറ്റപ്പെടുത്തി.
ജാതീയതയും വർഗീയതയും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.