‘ബജ്റംഗ് ബലി’യും തുണച്ചില്ല; അടിതെറ്റി മോദിയുടെ വർഗീയ പ്രചാരണം
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബജ്റംഗ് ബലിയും (ഹനുമാന്‍) തുണച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പ്രധാന വിഷയമാക്കിയത് കോൺഗ്രസ് ഹനുമാന് എതിരാണെന്ന പ്രചാരണമായിരുന്നു. അധികാരത്തിലെത്തിയാല്‍ വിധ്വംസക സംഘടനയായ ബജ്‌റംഗ്ദളിനെയടക്കം നിരോധിക്കുമെന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ബി.ജെ.പി ബജ്റംഗ് ബലിയിലേക്ക് തിരിച്ചുവിട്ടത്. വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും പോലുള്ള വർഗീയ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ നിയമപ്രകാരം നിരോധനമടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്.
അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായി ഇരുട്ടിൽ തപ്പിയിരുന്ന ബി.ജെ.പിക്ക് കത്തിക്കാൻ കിട്ടിയ വർഗീയ വിഷയം ആയിരുന്നു ബജ്റംഗ് ദൾ നിരോധനം. പ്രധാനമന്ത്രി മോദി തന്നെയാണ് ബജ്റംഗ് ബലി പ്രചാരണത്തിന് തുടക്കമിട്ടത്. പലതവണയാണ് ‘ജയ് ബജ്റംഗ് ബലി’ വിളിയുമായി പ്രധാനമന്ത്രി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയത്. അദ്ദേഹത്തിന്റെ റാലികളിലെ പ്രസംഗം ആരംഭിക്കുന്നത് തന്നെ 'ജയ് ബജ്റംഗ് ബലി' എന്ന് വിളിച്ചുകൊണ്ടായി. ആദ്യം ശ്രീരാമനെ പൂട്ടിയ കോണ്‍ഗ്രസ്, ഇപ്പോള്‍ ഹനുമാനെയും പൂട്ടുമെന്നാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ ആരോപിച്ചു.
തൊട്ടുപിന്നാലെ ഹിന്ദു ക്ഷേത്രങ്ങളിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും 'ഹനുമൻ ചാലിസ' കീർത്തന യജ്ഞവും നടത്തി. പ്രധാനമന്ത്രിയുടെ റോഡ് ഷോയിലടക്കം ഹനുമാൻ വേഷം ധരിച്ച് ബി.ജെ.പി പ്രവർത്തകരെത്തി. മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് 'ഹനുമാൻ' എന്ന വിഷയത്തിൽ കേന്ദ്രീകരിക്കുകയാണ് ബി.ജെ.പി ചെയ്തത്. വോട്ട് ചെയ്യുമ്പോൾ 'ജയ് ബജ്റംഗ് ബലി' എന്ന് ജപിക്കാൻ വോട്ടർമാർ മറക്കരുതെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു.
ബി.ജെ.പിയുടെ ബജ്റംഗ് ബലി പ്രചാരണം കോൺഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ വരുകയും അവർ പ്രതിരോധത്തിലാകുകയും ചെയ്തു. വിജയിച്ചു വന്നാൽ സംസ്ഥാനത്തുടനീളം ആഞ്ജനേയ ക്ഷേത്രം പണിയുമെന്നും യുവജനങ്ങൾക്കായി ഹനുമാന്റെ പേരിൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചു. കൊപ്പാലിൽ ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി ഹിൽസിന്റെ വികസനത്തിനായി ഒരു പ്രത്യേക ബോർഡ് തന്നെ രൂപവത്കരിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകി. താൻ ദിവസവും രണ്ട് തവണ ഹനുമൻ ചാലീസാ ചൊല്ലുന്നയാളാണെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തുവന്നു. ഹനുമാനെയും ബജ്റംഗ് ദളിനെയും ഒന്നായി ചിത്രീകരിക്കുന്നത് ഹനുമാനോടുള്ള അനാദരവാണെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ബജ്റംഗ്ദൾ നിരോധിക്കുക എന്ന നിർദേശം കോൺഗ്രസ് മുമ്പാകെ ഇല്ലെന്ന വിശദീകരണവുമായി മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അഡ്വ. എം. വീരപ്പ മൊയ്‌ലിയും രംഗത്തുവന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംല ജാഖുവിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുന്ന വിഡിയോയും അണികൾ വ്യാപകമായി പ്രചരിപ്പിച്ചു.
ബി.ജെ.പി പ്രചാരണം ഫലംകണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് വിജയമുറപ്പിച്ചതോടെ ചില പ്രവർത്തകർ ഹനുമാന്‍റെ വേഷം ധരിച്ച് ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ചു.''ബജ്‌റംഗ് ബലി പ്രഭു കോൺഗ്രസിനൊപ്പമാണ്. അദ്ദേഹം ബി.ജെ.പിക്ക് പിഴ ചുമത്തി," ഹനുമാൻ വേഷത്തിൽ എത്തിയ ഒരു പ്രവർത്തകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.