തറാവീഹ് നമസ്കരിക്കുന്നവർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം
text_fieldsഡെറാഡൂൺ: റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നിർവഹിക്കുന്നവർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ സർണ കോതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് സ്ക്രോൾ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്തു. നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിന് നേരെയും ആക്രമണം ഉണ്ടായി.
സഫർ സിദ്ദീഖ് എന്ന അഭിഭാഷകന്റെ വീടിനോട് ചേർന്നാണ് നമസ്കാരം നടന്നിരുന്നത്. ഇതിനിടെ അറുപതോളം ബജ്റംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് പൊലീസ് അനങ്ങിയില്ലെന്നും തീവ്ര ഹിന്ദുത്വ നേതാവ് മുകേഷ് ഭട്ട് ആണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും സഫർ സിദ്ദീഖ് ആരോപിച്ചു. കഴിഞ്ഞ 20 വർഷമായി നമസ്കാരം നടക്കുന്ന സ്ഥലമാണിതെന്നും അഞ്ച് വർഷം മുമ്പ് ഒരുവിഭാഗം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് സംരക്ഷണം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന്, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടി. പരാതിയിൽ കലാപമുണ്ടാക്കൽ, മുറിവേൽപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നാനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.