ബജ്റംഗ് ദൾ നിരോധനം: ദേശീയതലത്തിൽ വൈകാരികായുധമാക്കാൻ ബി.ജെ.പി
text_fieldsബംഗളൂരു: കർണാടകയിൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ ദേശീയതലത്തിൽ വൈകാരിക പ്രചാരണായുധമാക്കാൻ ബി.ജെ.പി. വിദ്വേഷ പ്രചാരണത്തിന്റെയും വർഗീയ സംഭവങ്ങളുടെയും പേരിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) യുവവിഭാഗമായ ബജ്റംഗ് ദളിനെ നിയമപരമായി തടയുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.
ബജ്റംഗ് ദൾ ക്രമസമാധാനം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, വർഗീയത പ്രകടിപ്പിക്കുന്നവരെയും വിദ്വേഷ പ്രചാരകരെയും തടയുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതക്കെതിരെ സ്വീകരിച്ച നിലപാട് കർണാടകയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ കോൺഗ്രസിന് ഗുണകരമാവുമെങ്കിലും ദേശീയതലത്തിൽ ബി.ജെ.പി മുതലെടുക്കും.
ന്യൂനപക്ഷ വർഗീയതയുടെ പേരിൽ പോപുലർ ഫ്രണ്ടിനെ ബി.ജെ.പി കഴിഞ്ഞ സെപ്റ്റംബറിൽ നിരോധിച്ചിരുന്നു. ബി.ജെ.പിക്കെതിരെ മുസ്ലിം, മതേതര വോട്ടുകളുടെ ഏകീകരണശ്രമങ്ങൾ കർണാടകയിൽ സജീവമാണ്. ഈ വോട്ടുകൾ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ് വിദ്വേഷ- വർഗീയതക്കെതിരായ നിലപാടിലൂടെ കോൺഗ്രസ് ലക്ഷ്യം.
ബജ്റംഗ് ദളിനെതിരായ നീക്കം ഹനുമാൻ ദേവനും ഹനുമാൻ ഭക്തർക്കുമെതിരായ നീക്കമായാണ് ബി.ജെ.പി ചിത്രീകരിക്കുന്നത്. കർണാടകയിൽ പ്രചാരണ രംഗത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, യുവ എം.പി തേജസ്വി സൂര്യ തുടങ്ങിയവർ വിഷയം ഏറ്റുപിടിച്ചു.
ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങിയതിന് പിന്നാലെ വടക്കൻ കർണാടകയിലെ വിജയനഗരയിൽ ബി.ജെ.പി റാലിയിൽ നരേന്ദ്ര മോദി ‘ഹനുമാന്റെ നാടായ കർണാടകയെ അഭിവാദ്യം ചെയ്യുന്നു’ എന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വിജയനഗരയിലെ ഹംപിക്ക് സമീപത്തെ ആഞ്ജനാദ്രി കുന്നിലാണ് ഹനുമാൻ പിറന്നതെന്നാണ് ഐതിഹ്യം.
കോൺഗ്രസ് ആദ്യം രാമദേവനെ പൂട്ടി. ഇപ്പോൾ ഹനുമാൻ ഭക്തരെ ജയിലിലടക്കാൻ ആഗ്രഹിക്കുന്നു -മോദി പറഞ്ഞു. താനുമൊരു ബജ്റംഗിയാണെന്ന് വ്യക്തമാക്കിയ യുവമോർച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ, ബജ്റംഗ് ദളിനെ നിരോധിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ചു.
കോൺഗ്രസിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ജനാധിപത്യപരമായി മറുപടി നൽകുമെന്നും പ്രതികരിച്ച വി.എച്ച്.പി ജോയന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിൻ, പോപുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തതിലൂടെ ദേശീയവാദം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെയാണ് കോൺഗ്രസ് അപമാനിച്ചതെന്ന് കുറ്റപ്പെടുത്തി.ഡൽഹിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് ഹിന്ദുത്വ പ്രവർത്തകർ മാർച്ച് നടത്തി. രാജ്യത്ത് പലയിടങ്ങളിലും വി.എച്ച്.പി-ബജ്റംഗ് ദൾ പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.