ബജ്റംഗ്ദൾ നേതാവിന്റെ നേതൃത്വത്തിൽ പശുക്കളെ അറുത്തത് രണ്ട് തവണ; ലക്ഷ്യമിട്ടത് മുസ്‍ലിം യുവാവിനേയും പൊലീസുകാരനേയും കുടുക്കാൻ
text_fieldsലഖ്നോ: മുസ്‍ലിം യുവാവിനേയും പൊലീസുകാരനേയും കുടുക്കാൻ ലക്ഷ്യമിട്ട് ബജ്റംഗ്ദൾ നേതാവിന്റെ നേതൃത്വത്തിൽ പശുക്കളെ അറുത്തത് രണ്ട് തവണയെന്ന് പൊലീസ്. ജനുവരി 16നും 28നും ഇത്തരത്തിൽ പശുവിനെ അറുത്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് പശുക്കളെ അറുത്തതിന് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിലായത്. യു.പിയിലെ മൊറാദാബാദിലായിരുന്നു സംഭവം. ബുധനാഴ്ചയാണ് ബജ്റംഗ്ദൾ ഭാരവാഹികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടി ചത്ത പശുവിന്റെ മൃതദേഹഭാഗങ്ങൾ ഇവർ പല സ്ഥലങ്ങളിലും കൊണ്ടിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഘടനയുടെ ജില്ലാ അധ്യക്ഷൻ ഉൾപ്പടെ നാല് പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. മൊറാദാബാദിലെ ഛജ്‌ലെറ്റ് സ്റ്റേഷൻ പരിധിയിൽ പശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് എത്തിയത്.
സുമിത് ബിഷ്‍ണോയ്, രാജീവ് ചൗധരി, രമൺ ചൗധരി, ഷഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. സുമിത് ബിഷ്‍ണോയിയുടേയും രാജീവ് ചൗധരിയുടേയും നിർദേശപ്രകാരമാണ് ഷഹാബുദ്ദീൻ പശുക്കളെ കൊന്ന് മൃതദേഹം അവർ നിർദേശിച്ച സ്ഥലത്ത് കൊണ്ടുവന്ന് വെച്ചതെന്ന് മൊറാദാബാദ് സീനിയർ സൂപ്രണ്ട് ഹേമ്രാജ് മീണ അറിയിച്ചു. ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നരേന്ദ്ര കുമാറിനെ പ്രതികളുമായി ഒത്തുകളിച്ചതിന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജനുവരി 28ന് രണ്ടാമത്തെ പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പശുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പശുസംരക്ഷകർ പ്രക്ഷോഭം ആരംഭിച്ചു. പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട് പശുക്കളെ അറുത്ത ഷഹാബുദ്ദീനെ പിടികൂടിയും ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കേസിന്റെ ചുരുളഴിയുകയുമാണ് ചെയ്തതെന്ന് എസ്.എസ്.പി അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും ഷഹാബുദ്ദീന്റെ എതിരാളിയായ മഖ്സൂദ് എന്നയാളെ കുടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.