'മുന്നറിയിപ്പ് കണ്ട് തിരുത്തിയില്ലെങ്കിൽ നേരിൽ കാണേണ്ടി വരും', ഗ്യാൻവാപി വിഷയത്തിൽ ഭീഷണിയുമായി ബജ്റംഗ് ദൾ
text_fieldsലഖ്നോ: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരിച്ച നേതാക്കൾക്കെതിരെ ഭീഷണിയും കോലം കത്തിക്കലുമായി ബജ്റംഗ് ദൾ. യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, അസദുദ്ദീൻ ഉവൈസി എന്നിവരുടെ കോലമാണ് നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ കാൺപൂരിൽ തെരുവിൽ കത്തിച്ചത്.
ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ പലരുടെയും സമനില തെറ്റിയെന്നാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആരോപിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളേയും ക്ഷേത്രങ്ങളേയും കുറിച്ച് അഭിപ്രായം പറയുന്നവർക്കുള്ള സൂചനയാണ് കോലം കത്തിക്കലെന്നും മുന്നറിയിപ്പ് കണ്ട് തിരുത്താൻ തയാറായില്ലെങ്കിൽ നേരിട്ടായിക്കും ഇനി കാണുകയെന്നുമാണ് ഭീഷണി.
സമൂഹത്തെ വർഗീയമായി വിഭജിക്കാനും മുസ്ലിംകൾക്കിടയിൽ ഭയമുണ്ടാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബി.ജെ.പി രാജ്യത്ത് പുതിയ നാടകം കളിക്കുകയാണെന്നായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രസ്താവന.
മൂന്ന് പതിറ്റാണ്ട് മുമ്പ് തകർത്ത ബാബരി മസ്ജിദിന്‍റെ വിധി ഗ്യാൻവാപി മസ്ജിദിന് ഉണ്ടാവാൻ അനുവദിക്കില്ലെന്നാണ് ഉവൈസി പറഞ്ഞത്. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് രാജ്യത്തെ മുസ്ലിംകൾക്കെതിരെ വിദ്വേഷം പടർത്താനാണ് ഗോഡ്സേ ഭക്തർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.