രാജ്യത്തിന് അഭിമാനമായ ബജ്റങ് കരയുന്നു; എന്നാൽ, പ്രധാനമന്ത്രിയുടെ ആശങ്ക ബജ്റങ്ദളിനെ കുറിച്ച് -ബി.വി. ശ്രീനിവാസ്
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ‘ബജ്റങ്’ ഇന്ന് മെഡൽ തിരിച്ച് നൽകി കരയാൻ നിർബന്ധിതനാകുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയുടെ ആശങ്ക ബജ്റങ്ദളിന്റെ കാര്യത്തിലാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. പ്രായപൂർത്തിയാകാത്ത ഏഴ് ഗുസ്തി താരങ്ങളെയടക്കം പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കായിക താരങ്ങളെ ഡൽഹി പൊലീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ബജ്റങ് പുനിയ അടക്കമുള്ള ലോക പ്രശസ്ത ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെക്കുറിച്ച് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പ്രതികരിച്ചിട്ടില്ല. എന്നാൽ, കർണാടകയിൽ വിധ്വംസക പ്രവർത്തനം നടത്തുന്ന ബജ്റങ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ കുറിച്ച് വൈകാരികമായാണ് മോദി പ്രതികരിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് ശ്രീനിവാസയുടെ ട്വീറ്റ്.
പെങ്ങന്മാരും പെൺമക്കളും സുരക്ഷിതരല്ലാത്ത ഇവിടെ ഈ മെഡലുകൾ കൊണ്ട് ഞങ്ങൾ എന്ത് ചെയ്യാനാണെന്നും ഗുസ്തിക്കാരോട് ഇങ്ങനെയാണ് സർക്കാർ പെരുമാറുന്നതെങ്കിൽ, എല്ലാ മെഡലുകളും അവാർഡുകളും ഇന്ത്യൻ സർക്കാരിന് തിരികെ നൽകാമെന്നും ബജ്‌റങ് പുനിയ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “പൊലീസ് ഞങ്ങളെ തളർത്തുകയും അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. ഞങ്ങൾ പത്മശ്രീ അവാർഡ് ജേതാവാണെന്ന് അവർ പരിഗണിക്കുന്നില്ല. ഞാൻ മാത്രമല്ല, സാക്ഷി മാലിക്കും ഇതിനിരയായി. ഞങ്ങളുടെ പെങ്ങൻമാരും പെൺമക്കളും സുരക്ഷിതരല്ല. അവർ തെരുവിൽ ഇരുന്നു ദയയ്‌ക്കായി യാചിക്കുന്നു. എന്നാൽ, നീതി ലഭ്യമാക്കാൻ ആരും മെനക്കെടുന്നില്ല’ -എന്നായിരുന്നു ബജ്റങ് പുനിയ വികാരധീനനായി പറഞ്ഞത്.
ബിജെപി എംപിയായ ബ്രിജ് ഭൂഷൺ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ പദവി ദുരുപയോഗം ചെയ്ത്, പ്രായപൂർത്തിയാകാത്ത ഏഴ് ഗുസ്തി താരങ്ങളെയടക്കം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്തി താരങ്ങൾ ദേശീയ തലസ്ഥാനത്ത് ജന്ദർ മന്ദിറിൽ പന്തൽ കെട്ടി സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.