ജൂലൈയിൽ ബാലാസോർ ദുരന്തം ആവർത്തിക്കും; റെയിൽവേ വകുപ്പിന് ഭീഷണിയായി അജ്ഞാത കത്ത്
text_fieldsഹൈദരാബാദ്: 290 പേരുടെ ജീവനെടുത്ത ബാലാസോർ ദുരന്തത്തിന്‍റെ ആഘാതം മാറുന്നതിന് മുമ്പേ സമാന രീതിയിൽ അടുത്ത ദുരന്തമുണ്ടാകുമെന്ന് റെയിൽവേ വകുപ്പിന് മുന്നറിയിപ്പുമായി അജ്ഞാതന്‍റെ കത്ത്. ജൂലൈ ആദ്യവാരത്തോടെ തെലങ്കാനയിലായിരിക്കും ദുരന്തമുണ്ടാകുക എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ജൂൺ 30ന് സെക്കന്തരാബാദ് ഡിവിഷനിലെ സിവിഷനൽ റെയിൽവേ മാനേജർക്കായിരുന്നു ഭീഷണിക്കത്ത് ലഭിച്ചത്. ഹൈദരാബാദ് - ഡൽഹി - ഹൈദരാബാദ് റൂട്ടിലായിരിക്കും അപകടമുണ്ടാകുക എന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എല്ലാ ഡിവിഷനിലെ ജീവനക്കാരോടും ജാഗ്രത പാലിക്കാൻ റെയിൽവേ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കത്ത് വ്യാജമാണെന്ന സംശമുണ്ടെങ്കിലും പരീക്ഷണത്തിന് തയാറല്ലെന്നും എല്ലാ സോൺ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കത്ത് അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി കമീഷണർ ചന്ദന ദീപ്തി അറിയിച്ചു.
ജൂൺ രണ്ടിന് ഒഡീഷയിലെ ബാലാസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 293 പേരാണ് കൊല്ലപ്പെട്ടത്. 287 പേർ സംഭവസ്ഥലത്തും മറ്റുള്ളവർ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. വ്യോമസേന, പൊലീസ്, ദുരന്ത നിവാരണ സേന, ആർ.പി.എഫ്, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. അപകടം പിന്നിട്ട് ഒരുമാസം പൂർത്തിയാകുമ്പോഴും തിരിച്ചറിയാനാകാത്ത 50 മൃതദേഹങ്ങൾ ബാക്കിയാണ്. മാനുഷിക പിഴവാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന റെയിൽവേയുടെ അന്വേഷണ റിപോർട്ട് പുറത്തുവന്നിരുന്നു. സിഗ്നൽ വകുപ്പിനാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും റിപോർട്ടിൽ പറയുന്നു. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സൗത്ത് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍) എ.എം. ചൗധരിയാണ് അന്വേഷണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.