ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യു.എസ് കാർട്ടൂൺ; വൻ പ്രതിഷേധം
text_fieldsന്യൂഡൽഹി: യു.എസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. ഫോക്സ് ഫോർഡ് എന്ന വെബ് കോമിക്സ് ആണ് വിവാദമായ വംശീയ അധിക്ഷേപ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് ദാലി ചരക്കുകപ്പലിനുള്ളിൽ നിന്നുള്ള അവസാന റെക്കോർഡിങ് എന്ന കുറിപ്പോടെയാണ് കാർട്ടൂൺ എക്സിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കപ്പലിന്‍റെ കൺട്രോൾ റൂമിലെ മലിനജലത്തിൽ ഇന്ത്യക്കാരായ ജീവനക്കാർ നിൽക്കുന്നതായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിട്ടുള്ളത്. കൂടാതെ, കപ്പൽ പാലത്തിൽ ഇടിക്കാനൊരുങ്ങുമ്പോൾ മുണ്ട് താറുപാച്ചി നിൽക്കുന്ന ജീവനക്കാർ പരിഭ്രമിക്കുന്നതായും അധിക്ഷേപിക്കുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാരരീതിയെ പരിഹസിക്കുന്ന ശബ്ദരേഖയും വെബ് കാർട്ടൂണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്‍റ് ജോ ബൈഡൻ, മെർലിൻ ഗവർണർ വെസ്റ്റ് മൂർ അടക്കമുള്ളവരും മാധ്യമങ്ങളും അപകടത്തിൽപ്പെട്ട ചരക്കുകപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ കുറിച്ച് പ്രശംസിക്കുമ്പോഴാണ് അധിക്ഷേപ കാർട്ടൂൺ പുറത്തുവന്നത്. ഇന്ത്യൻ ജീവനക്കാരുടെ ഇടപെടൽ അപകടത്തിന്‍റെ തീവ്രത കുറച്ചെന്നാണ് പ്രശംസിച്ച ഏവരും ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽപ്പെട്ട കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. അപകടത്തെ കുറിച്ചുള്ള വിവിധ ഏജൻസികളുടെ അന്വേഷണങ്ങളുമായി സഹകരിച്ച് ഇവർ കപ്പലിൽ തന്നെയാണുള്ളത്.
അതേസമയം, വംശീയ അധിക്ഷേപ കാർട്ടൂണിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഫോക്സ് ഫോർഡിന്‍റെ അധിക്ഷേപിക്കുന്ന ശൈലി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. കറുത്ത വർഗക്കാരെയും ജൂതരെയും വിദേശികളെയും അധിക്ഷേപിക്കുന്ന നിരവധി കാർട്ടൂണുകൾ ഫോക്സ് ഫോർഡ് മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.30നാണ് മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലം ചരക്ക് കപ്പലിടിച്ച് തകർന്നത്. ബാൾട്ടിമോർ തുറമുഖത്തു നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ പതാകയുള്ള ദാലി എന്ന ചരക്കുകപ്പലാണ് പറ്റാപ്സ്കോ പുഴക്ക് കുറുകെ 56 മീറ്റർ ഉയരത്തിൽ നിർമിച്ച ഇരുമ്പ് പാലത്തിൽ ഇടിച്ചത്. പാലത്തിൽ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന ആറു പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.