രാജ്യത്ത് ജാതി സെൻസസ് ആവശ്യപ്പെട്ട് ബി.എ.എം.സി.ഇ.എഫിന്റെ ഭാരത ബന്ദ് ഇന്ന്
text_fieldsന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ ബാക് വേർഡ് ആന്റ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ (ബി.എ.എം.സി.ഇ.എഫ്)ഇന്ന് ഭാരത് ബന്ദ് നടത്തുന്നു. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് വേണ്ടി കേന്ദ്രം ജാതിയടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തത്.
സ്വകാര്യ മേഖലയിലും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം വേണമെന്ന് ഫെഡറേഷൻ ആവശ്യപ്പട്ടു. തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിനെതിരെയും ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയ സംവിധാനങ്ങൾക്കെതിരെയും മുദ്രാവാക്യമുയർത്തിക്കൊണ്ടു കൂടിയാണ് ഭാരത് ബന്ദ് ആചരിക്കുന്നത്.
അത് കൂടാതെ, മധ്യ പ്രദേശിലെയും ഒഡിഷയിലെയും പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഒ.ബി.സി സംവരണം വേണം, പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരണം, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം, ആദിവാസി ജനതയെ കുടിയിറക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഭാരത് ബന്ദിൽ ഉന്നയിക്കുന്നു.
ബി.ജെ.പി ഘടക കക്ഷിയായ ജനതാ ദൾ യുനൈറ്റഡ് അടക്കം നിരവധി പാർട്ടികൾ രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ ജാതി സെൻസസ് സർക്കാറിനെ സഹായിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.