മോദിയുടെ കത്ത് വിലക്ക്; പ്രതിച്ഛായ നന്നാക്കാൻ കമീഷൻ നടപടി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷവും നീതിപൂർവകവുമായി പ്രവർത്തിക്കുന്നില്ലെന്ന വ്യാപകമായ പരാതിക്കിടയിലാണ് പ്രതിച്ഛായ നന്നാക്കാൻ ലക്ഷ്യമിട്ട് വോട്ടർമാരിലെത്തിയ മോദിയുടെ കത്ത് വിലക്കിയുള്ള കമീഷൻ ഉത്തരവ്. പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിലെ നിഷ്പക്ഷത മാധ്യമ പ്രവർത്തകർപോലും ചോദ്യംചെയ്തത് കമീഷനെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കമീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കമീഷന്റെ നിയന്ത്രണാധികാരത്തിനപ്പുറത്തുള്ള ആളാണെന്നും പെരുമാറ്റ ചട്ടം ബാധകമല്ലെന്നുമുള്ള ധാരണ പരത്താൻ ശ്രമിച്ച ബി.ജെ.പിക്കുള്ള തിരിച്ചടി കൂടിയായി ഇത്.
ശനിയാഴ്ച തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന വാർത്തസമ്മേളനത്തിൽ കമീഷൻ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിലെ നിഷ്പക്ഷത മാധ്യമപ്രവർത്തകർ ചോദ്യംചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതികളിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് അവർ ചോദിച്ചു. മോഡൽ കോഡ് മോദി കോഡ് ആയെന്ന പ്രതിപക്ഷ വിമർശനവും മാധ്യമപ്രവർത്തകർ ഉന്നയിച്ചു. പെരുമാറ്റ ചട്ടലംഘനത്തിന് ഏത് ഉയർന്ന പദവിയിലുള്ളവർക്കെതിരെയും നടപടിയെടുക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മറുപടി. എന്നാൽ അതിന് ശേഷവും പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ തെളിവായി കേന്ദ്ര മന്ത്രാലയം അയച്ച ‘വികസിത ഭാരതം’ സന്ദേശങ്ങൾ മാറി. രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ തിരക്കിട്ട നിയമനത്തിലുണ്ടായ വീഴ്ചക്ക് സുപ്രീംകോടതി കേന്ദ്രസർക്കാറിനെ വിമർശിച്ചതിന് പിന്നാലെയാണ് കമീഷൻ തീരുമാനമെടുത്തതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.