ദേശവിരുദ്ധത പഠിപ്പിക്കുന്നു; മദ്റസകൾ നിരോധിക്കണം; വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
text_fieldsദേശവിരുദ്ധത പഠിപ്പിക്കുന്ന മദ്റസകൾ നിരോധിക്കണമെന്ന വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.എൽ.എ എം.പി. രേണുകാചാര്യ. മുഖ്യമന്ത്രി ബസവരാജ ബൊമ്മയോട് എം.എൽ.എ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തതായി എ.എൻ.ഐ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
'മദ്റസകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഞാൻ അഭ്യർഥിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ നമുക്കില്ലേ? നിങ്ങൾ ഇവിടെ ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്നു. അവ നിരോധിക്കുകയോ മറ്റ് സ്കൂളുകളിൽ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം' -എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
ഹിജാബ് വിവാദത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, പാർട്ടി വിഷയം കെട്ടിച്ചമച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. 'ഹിജാബ് വിവാദം ആരാണ് സൃഷ്ടിച്ചതെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളോ അതല്ലെങ്കിൽ ഞങ്ങളോ? വോട്ട് ബാങ്കാണോ നിങ്ങൾക്ക് കൂടുതൽ പ്രധാനം? മദ്റസകൾ എന്തിനാണ് നമുക്ക്? മദ്റസകൾ എന്താണ് പ്രചരിപ്പിക്കുന്നത്? അവർ നിരപരാധികളായ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു. നാളെ, അവർ നമ്മുടെ രാജ്യത്തിന് എതിരായി പോകും, ഒരിക്കലും 'ഭാരത് മാതാ കീ ജയ്' എന്ന് പറയില്ല' -എം.എൽ.എ കൂട്ടിച്ചേർത്തു.
അതേസമയം, മക്കൾക്കുവേണ്ടി വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി സർക്കാർ ആനുകൂല്യം തട്ടിയെടുത്തെന്ന ആരോപണം നേരിടുന്നയാളാണ് രേണുകാചാര്യ. എം.എൽ.എക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. എന്നാൽ, ആരോപണം അദ്ദേഹം നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.