കശ്മീരിൽ 'രക്തസാക്ഷി'കളുടെ ഖബർ സന്ദർശനത്തിന് വിലക്ക്
text_fieldsശ്രീനഗർ: പുരാതന ശ്രീനഗറിലെ നഖ്ഷബന്ദ് സാഹിബ് ഖബർസ്ഥാൻ സന്ദർശിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളെയും പൊതുജനങ്ങളെയും വിലക്കി ജമ്മു-കശ്മീർ പൊലീസ്. 1931ൽ ശ്രീനഗറിൽ നടന്ന സൈനിക വെടിവെപ്പിൽ രക്തസാക്ഷികളായവർ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിസ്ഥാനാണ് നഖ്ഷബന്ദ് സാഹിബ് ശ്മശാനം. രക്തസാക്ഷി ദിനമായ ജൂലൈ 13ന് സംസ്ഥാനത്ത് പൊതു അവധി ദിനമാണ്. അന്നേ ദിവസം കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത് പതിവായിരുന്നു. എന്നാൽ, രണ്ടു വർഷം മുമ്പ് പൊതു അവധി ദിനം റദ്ദാക്കി. ഇത്തവണ ശ്മശാന സന്ദർശനം വിലക്കുകയും ചെയ്തു.
പൊലീസ് നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. കശ്മീർ ജനതയുടെ മനസ്സ് കീഴടക്കാതെയും പാകിസ്താനുമായി ചർച്ചക്ക് തുടക്കമിടാതെയും ഇന്ത്യൻ സർക്കാറിന് താഴ്വരയിലെ കലാപം ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 13ലെ പൊതു അവധി റദ്ദാക്കിയതുകൊണ്ട് രാജ്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്തവരുടെ ഓർമകൾ ഇല്ലാതാക്കാനാവില്ലെന്ന് ഗുപ്കർ സഖ്യവും വ്യക്തമാക്കി.
1931 ജൂലൈ 13ന് ശ്രീനഗറിലെ സെൻട്രൽ ജയിലിന് പുറത്ത് കശ്മീരിലെ ദോഗ്ര ഭരണാധികാരിയുടെ സൈനികരുടെ വെടിയേറ്റാണ് 22 പേർ കൊല്ലപ്പെട്ടത്. മഹാരാജ ഹരിസിങ്ങിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ കലാപം നയിച്ചതിന് അറസ്റ്റിലായ അബ്ദുൽ ഖാദീറിന്റെ വിചാരണക്ക് സാക്ഷിയാകാൻ സെൻട്രൽ ജയിലിന് പുറത്ത് തടിച്ചുകൂടിയവരായിരുന്നിവർ. മരിച്ച 22 പേരുടെ മൃതദേഹങ്ങൾ പിന്നീട് നഖ്ഷബന്ദ് സാഹിബ് ഖബർസ്ഥാനിൽ അടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.