പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സൂഫി സംഘടന യോഗത്തിൽ പ്രമേയം
text_fieldsന്യൂഡൽഹി: വിഭജന അജണ്ട പിന്തുടരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ഡൽഹിയിൽ ആൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ സംഘടിപ്പിച്ച മതമേലധ്യക്ഷരുടെ യോഗത്തിൽ പ്രമേയം പാസ്സാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ സമാധാനം തകർക്കാനും കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ആവശ്യപ്പെട്ടു.
"ചിലർ ഇന്ത്യയുടെ പുരോഗതിയെ നശിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവർ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ സംഘർഷവും സൃഷ്ടിക്കുന്നു, അത് രാജ്യത്തിന് പുറത്ത് വ്യാപിക്കുമ്പോൾ രാജ്യത്തെയാകെ ബാധിക്കുന്നു" ഡോവൽ പറഞ്ഞു.
മാധ്യമങ്ങൾക്ക് നൽകിയ പ്രമേയത്തിൽ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാണ് എട്ട് ആവശ്യങ്ങളിലൊന്ന്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വിഭജന അജണ്ട പിന്തുടരുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുകയും രാജ്യത്തെ നിയമപ്രകാരം അവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.
നാനാത്വത്തിൽ ഏകത്വത്തിന്റെ ഉജ്ജ്വല മാതൃകയുള്ള ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ചില സാമൂഹിക വിരുദ്ധരും ഗ്രൂപ്പുകളും കാരണം രാജ്യം കഠിനമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പരിപാടിക്ക് ശേഷം സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.