ശിവജിയെ അപമാനിച്ച ഗവർണർക്കെതിരെ പുണെയിൽ ബന്ദ്; പ്രതിഷേധത്തിന് മുൻനിരയിൽ ബി.ജെ.പി രാജ്യസഭാ എം.പിയായ ശിവജിയുടെ പിന്മുറക്കാരനും
text_fieldsമുംബൈ: ജനജീവിതം സ്തംഭിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയായിരിക്കെതിരെ പുണെയിൽ ബന്ദ്. മറാത്ത ചക്രവർത്തി ശിവജി കഴിഞ്ഞ കാലത്തിന്റെ പ്രതീകമാണെന്ന് വിവാദ പ്രസ്താവന നടത്തിയ ഗവർണറെ തിരിച്ചു വിളിക്കണമെന്നും ഗവർണറും ബി.ജെ.പിയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. പ്രതിപക്ഷ പാർട്ടികളും മറാത്ത സംഘടനകളും ശിവജിയുടെ പിന്മുറക്കാരും അണിനിരന്ന 'സർവ്വധർമ്മീയ ശിവപ്രേമി പുണേക്കർ 'ന്റെ ബാനറിലാണ് പ്രതിഷേധം.
ശിവജിയുടെ പിന്മാറക്കാരനും ബി.ജെ.പി രാജ്യസഭാ എം.പിയുമായ ഉദയൻരാജേ ഭോസലെ, ശിവസേന നേതാവ് സുഷമ അന്ദാരെ തുടങ്ങി വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്ത മൗനജാഥയും നടത്തി. വൈകിട്ട് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ എൻ.സി.പിയിലെ അജിത് പവറും പ്രതിഷേധ പരിപാടിയിൽ പങ്കുചേരും.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടകമ്പോളങ്ങൾ അടച്ചിട്ടു. സർക്കാർ, സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ബന്ദ് ആഹ്വാനം ചെയ്തതോടെ സ്കൂളുകൾ അവധി പ്രഖ്യാപിച്ചിരുന്നു.
ദിവസങ്ങൾക്കു മുമ്പ് മറാത്ത്വാഡ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഗവർണർ വിവാദ പ്രസ്താവന നടത്തിയത്. ശിവജിയെ അപമാനിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഗവർണ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. തന്റെ പ്രഭാഷണത്തിലെ ശകലങ്ങളെടുത്ത് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.