ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: താൽക്കാലിക ഇളവിന് കേരളം അടിയന്തര ഹരജി നൽകണം- സുപ്രീംകോടതി
text_fieldsബംഗളൂരൂ: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനത്തിന് താൽക്കാലിക ഇളവിനായി അടിയന്തര ഹരജി ഫയൽ ചെയ്യാൻ കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് രാത്രിയാത്ര നിരോധനത്തിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് ദേശീയപാത ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി നൽകിയ അടിയന്തര ഹരജിയിൽ തീരുമാനമെടുക്കാനാണ് സർക്കാറിനോടും ഹരജി നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ആക്ഷൻ കമ്മിറ്റിയുടെ ഹരജി കേരള സർക്കാറിെൻറ ഹരജിയായി പരിഗണിച്ച് വിധി പ്രസ്താവിക്കണമെന്ന് സർക്കാർ അഭിഭാഷകനായ കെ.എൻ. ബാലഗോപാൽ ആവശ്യപ്പെെട്ടങ്കിലും പ്രത്യേക ഹരജി സമർപ്പിക്കാൻ സമയം നൽകുകയായിരുന്നു.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വിദഗ്ധ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻ വിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉത്തരവിട്ടു.
കേസ് ഒരാഴ്ചക്കകം പരിഗണിക്കുമെന്നതിനാൽ രാത്രിയാത്ര നിരോധനത്തിൽനിന്ന് ഇളവ് തേടിയുള്ള അടിയന്തര ഹരജി വരുംദിവസങ്ങളിൽ കേരളം സുപ്രീംകോടതിയിൽ സമർപ്പിക്കും.
പ്രളയക്കെടുതിയിലും ചുരങ്ങൾ തകർന്നും വയനാട് ഒറ്റപ്പെട്ടതും ഭൂമിശാസ്ത്രപരമായി കേരളത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്ന് വേറിട്ട് നിൽക്കുന്നതും നിലവിലെ സാഹചര്യത്തിൽ വയനാടിന് കർണാടകയെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നതായി ആക്ഷൻ കമ്മിറ്റി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി.
മറ്റു യാത്രാമാർഗങ്ങളില്ലാത്ത വയനാട് ജില്ലയുടെ ജീവനാഡിയാണ് ദേശീയപാത 766 എന്നും രാത്രിയാത്ര വിലക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളെയും അവശ്യവസ്തുക്കളുടെ വിതരണത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ആക്ഷൻ കമ്മിറ്റിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, പി.എസ്. സുധീർ എന്നിവർ ചൂണ്ടിക്കാട്ടി.
എന്നാൽ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ബന്ദിപ്പൂരിലെ രാത്രിയാത്ര വിലക്ക് നീക്കേണ്ട ആവശ്യം നിലവിലില്ലെന്നും ദുരിതാശ്വാസ വസ്തുക്കൾ പകൽസമയങ്ങളിൽ തടസ്സങ്ങളില്ലാതെ കൊണ്ടുപോകുന്നുണ്ടെന്നും കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷക അനിത ഷേണായി വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല.
കഴിഞ്ഞ ജനുവരിയിൽ നീലഗിരി വയനാട് ദേശീയപാത ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയെ കേസിൽ കക്ഷിചേരാൻ അനുവദിച്ച സുപ്രീംകോടതി, പ്രശ്നപരിഹാരത്തിനായി റിപ്പോർട്ട് സമർപ്പിക്കാൻ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെയും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, ദേശീയ കടുവ സംരക്ഷണ അതോറിറ്റി എന്നിവയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.