ബോളിവുഡ് നടൻ അമിത് മിസ്ത്രി അന്തരിച്ചു
text_fieldsമുംബൈ: ജനപ്രിയ ഗുജറാത്തി-ബോളിവുഡ് നടൻ അമിത് മിസ്ത്രി അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലായിരുന്നു മരണം. ഷോർ ഇൻ ദ സിറ്റി, ബേ യാർ, ആമസോൺ പ്രൈം വീഡിയോ സീരീസ് ബാൻഡിഷ് ബാൻഡിറ്റ്സ് തുടങ്ങിയവയിലൂടെ പ്രശസ്തനായിരുന്നു അമിത് മിസ്ത്രി. 'അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. രാവിലെ ഉറക്കമുണർന്ന് പ്രഭാതഭക്ഷണം കഴിച്ച് വ്യായാമം ചെയ്തിരുന്നു. ഇത് തികച്ചും ഞെട്ടിക്കുന്ന വാർത്തയാണ്'- നടന്‍റെ മാനേജർ മഹർഷി ദേശായി പറഞ്ഞു.
ഗുജറാത്തി തിയറ്റർ രംഗത്തുനിന്ന് ബോളിവുഡിലെത്തിയ നടനാണ് അമിത്. ക്യാ കെഹ്ന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കൽ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആമസോൺ പ്രൈമിലെ കഴിഞ്ഞ വർഷത്തെ ഹിറ്റ് സീരീസായ ബാൻഡിഷ് ബാൻഡിറ്റ്സിൽ സംഗീതജ്ഞൻ ദേവേന്ദ്ര റാത്തോഡിനൊപ്പം അമിത് മിസ്ത്രി മികച്ച റോൾ കൈകാര്യം ചെയ്തിരുന്നു. ജനപ്രിയ ഷോയായ 'യെ ദുനിയ ഹെ രംഗീനി'ലും അദ്ദേഹം ഭാഗവാക്കായിരുന്നു. അമിത് മിസ്ത്രിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരെയും വ്യവസായ മേഖലയെയും ഞെട്ടിച്ചു.
'അമിത് സഹോദരാ, ജീവിതത്തിൽ ഇങ്ങിനൊരാൾ ഇനി ഇല്ലെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ എവിടെയായിരുന്നാലും നേരത്തേ ചെയ്തതുപോലെ സ്നേഹം പ്രചരിപ്പിക്കുക'-ബാൻഡിഷ് ബാൻഡിറ്റ്സിലെ സഹനടൻ രാജേഷ് തിലാങ് ട്വീറ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.