വോട്ടിനായി അസാധു നോട്ട്
text_fieldsചെന്നൈ: നോട്ടുകള്‍ നല്‍കി വോട്ടുകള്‍ മറിക്കുന്ന തമിഴ്നാട്ടില്‍ ഈമാസം 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ വക ‘ഇരട്ടി സമ്മാനം’. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും കൈവശമുള്ള അസാധു നോട്ടുകള്‍, വോട്ടുകള്‍ മറിക്കാന്‍ മത്സരിച്ച് വോട്ടര്‍മാരിലേക്ക് എത്തുന്നു.
ഒരു വോട്ടിന് ആയിരം രൂപ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് രണ്ടായിരവും അതിലധികവുമാണ്. വോട്ടര്‍മാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനും അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. നിശ്ചിത ശതമാനം കമീഷന്‍ നല്‍കിയാണ് പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ സ്വാധീനിക്കുന്നത്. ഭരണകക്ഷിയായ അണ്ണാഡി.എം.കെയും മുഖ്യപ്രതിപക്ഷമായ ഡി.എം.കെയും പ്രത്യേക ഇടനിലക്കാരെ നിയോഗിച്ചാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനൊപ്പം അസാധു നോട്ടുകളും മാറ്റിയെടുക്കുന്നത്. പണം വിതരണം ചെയ്യാന്‍ പാര്‍ട്ടി മാനേജര്‍മാര്‍ യുവാക്കള്‍ക്ക് ബൈക്കുകളും ബാറ്റയും നല്‍കുന്നുണ്ട്.
സാധാരണയില്‍നിന്ന് വ്യത്യസ്തമായി ഇരട്ടിത്തുക ലഭിക്കുമെന്ന് അറിഞ്ഞതോടെ ഗ്രാമങ്ങളിലുള്ളവര്‍ പണം കാത്ത് വീടുകളില്‍തന്നെ തങ്ങുകയാണ്. ഒരു സ്ഥാനാര്‍ഥി നല്‍കുന്നതിന്‍െറ ഇരട്ടിത്തുകയാകും എതിര്‍ സ്ഥാനാര്‍ഥി നല്‍കുന്നത്.
സമുദായ സംഘടനാ നേതാക്കളെ വിലക്കെടുത്തും പണ വിതരണവും വോട്ടും സുരക്ഷിതമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധ ബാങ്കു ശാഖകള്‍ക്ക് മുന്നില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് ദിനം പ്രതി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിനായി പാര്‍ട്ടി നേതൃത്വങ്ങള്‍ 500, 1000 രൂപയുടെ കെട്ടുകളായി കോടിക്കണക്കിന് രൂപയാണ് മണ്ഡലങ്ങളില്‍ സംഭരിച്ചിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്‍െറ പ്രഖ്യാപനം പാര്‍ട്ടികള്‍ക്ക് ഇരുട്ടടിയായി. പണ വിതരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതിനെതുടര്‍ന്ന് മണ്ഡലങ്ങളിലെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പഞ്ചായത്ത് തലത്തില്‍വരെ നിരീക്ഷകരെ നിയോഗിക്കാന്‍ സാധ്യതയുണ്ട്. തഞ്ചാവൂര്‍, അരവാക്കുറിച്ചി, തിരുപ്പറന്‍കുണ്ട്രം മണ്ഡലങ്ങളില്‍ ഈമാസം 19ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാപകമായി പണം ഒഴുകിയതിനെതുടര്‍ന്നാണ് തഞ്ചാവൂര്‍, അരവാക്കുറിച്ചി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മുമ്പ് തടഞ്ഞത്.
എം.എല്‍.എ മരണപ്പെട്ടതിനെതുടര്‍ന്നാണ് തിരുപ്പറന്‍കുണ്ട്രത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അണ്ണാഡി.എം.കെ, ഡി.എം.കെ, വിജയകാന്തിന്‍െറ ഡി.എം.ഡി.കെ, സീമാന്‍െറ നാം തമിഴര്‍ കക്ഷി, ബി.ജെ.പി എന്നിവരാണ്് മത്സരരംഗത്തുള്ളത്. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മക്കള്‍ നല കൂട്ടണി (ജനക്ഷേമ മുന്നണി) തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
നിരവധി സ്ഥാനാര്‍ഥികളുണ്ടെങ്കിലും പ്രബല ദ്രാവിഡ കക്ഷികളായ അണ്ണാഡി.എം.കെ - ഡി.എം.കെ തമ്മിലാണ് മുഖ്യപോരാട്ടം. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി മത്സരിക്കുന്ന നെല്ലിത്തോപ്പ് മണ്ഡലത്തിലും വോട്ടിനായി അസാധു നോട്ടുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം ഉണ്ട്. നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.