ബംഗളൂരു: 236 താലൂക്കുകളിൽ 216ഉം വരൾച്ചബാധിതം
text_fieldsബംഗളൂരു: സംസ്ഥാനത്തെ 236 താലൂക്കുകളിൽ 216ഉം വരൾച്ചബാധിതം. വെള്ളിയാഴ്ച 22 താലൂക്കുകളെ കൂടി പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയതോടെയാണിത്. കാർഷിക വിളകളുടെ പുതിയഘട്ട സർവേക്കു ശേഷമാണ് പുതിയ താലൂക്കുകളെ പട്ടികയിൽ ചേർത്തത്.
പുതിയവയിൽ 11 എണ്ണം അതിതീവ്ര വരൾച്ചപ്രശ്നം അനുഭവിക്കുന്നവയാണ്. 189 താലൂക്കുകളാണ് തീവ്രമായ വരൾച്ച അനുഭവിക്കുന്നത്. 27 എണ്ണം ഇതിൽ കുറവ് പ്രശ്നവും അനുഭവിക്കുന്നവയാണ്. സംസ്ഥാനത്തിന് കൂടുതൽ ദുരിതാശ്വാസ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്ത തിങ്കളാഴ്ച കേന്ദ്ര സർക്കാറിന് പുതിയ നിവേദനം നൽകുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 195 താലൂക്കുകളെയാണ് വരൾച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നത്.
ഈ വർഷം മുമ്പുണ്ടാകാത്തവിധം രൂക്ഷമായ വരൾച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മിക്കവാറും എല്ലാ ജില്ലകളിലും മഴ തീരെ കിട്ടിയിട്ടില്ല. ഇതിനാൽ തന്നെ മറ്റു താലൂക്കുകളെയും വരൾച്ചബാധിതമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശപ്രകാരം 300 കോടി രൂപ മുതൽ 350 കോടി രൂപ വരെ കൂടുതൽ ദുരിതാശ്വാസ തുകക്ക് കർണാടക്ക് അർഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴ കിട്ടാത്തതിനാൽ കർണാടകയിൽ ജലശേഖരം കുറവാണെന്നും ഇതിനാൽ തമിഴ്നാടിന് കാവേരി ജലം നൽകാനാകില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒക്ടോബർ 31 വരെ തമിഴ്നാടിന് 3000 ഘനയടി വെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ കർണാടക വീണ്ടും അപ്പീൽ നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 8,000-9,000 ഘനയടി വെള്ളമാണുള്ളത്. കർഷകർക്ക് കൃഷിയാവശ്യത്തിന് വെള്ളം നൽകാനാണ് സർക്കാർ മുഖ്യപരിഗണന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.