ബംഗളൂരു കഫേ സ്ഫോടനം; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ
text_fieldsബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).
പാന്റ്സും ഷർട്ടും തൊപ്പിയും മാസ്കും ഗ്ലാസും ധരിച്ച് രാമേശ്വരം കഫേയിലേക്ക് പ്രവേശിക്കുന്ന പ്രതിയുടെ ചിത്രം സഹിതം എക്സിൽ പോസ്റ്റിട്ട എൻ.ഐ.എ, പ്രതിയെ തിരിച്ചറിഞ്ഞാൽ വിവരമറിയിക്കേണ്ട ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകി.
മാർച്ച് ഒന്നിന് ഉച്ചക്ക് ഒന്നോടെ നടന്ന സ്ഫോടനത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ എട്ടുപേരും ആശുപത്രി വിട്ടു. ഒരാൾ ചികിത്സയിൽ തുടരുന്നു.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ആദ്യം കർണാടക പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിനും പിന്നീട് എൻ.ഐ.എക്കും കൈമാറുകയായിരുന്നു. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അതേസമയം, പ്രതിയെക്കുറിച്ച് സുപ്രധാന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇതു സംബന്ധിച്ച പ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മുന്നോട്ടുപോകുകയാണെങ്കിൽ വൈകാതെ കേസ് പൂർത്തിയാവും- ആഭ്യന്തരമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.