ബംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ ജലക്ഷാമം നേരിടുന്നതായി കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: നഗരത്തില്‍ ജലക്ഷാമം അതിരൂക്ഷമാവുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാളുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. വെള്ളമില്ലാത്തതിനാല്‍ വീട്ടില്‍ പാചകം മുടങ്ങിയതോടെ പലരും പുറത്ത് നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്താണ് കഴിക്കുന്നത്. ഓഫീസിലിരുന്ന് ജോലി ചെയ്തിരുന്നവര്‍ വര്‍ക്കം ഫ്രം ഹോമിലേക്ക് മാറുകയും ചെയ്തു. പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രോത്സാഹിപ്പിച്ച് ചില സ്‌കൂളുകളും രംഗത്തെത്തിയിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ക്ഷാമം നഗരം നേരിടുന്നുണ്ടെന്നും 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്നും ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും മറ്റും ഉപയോഗിക്കരുതെന്നും ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ ബംഗളൂരുവിന് പ്രതിദിനം 2,600 എം.എൽ.ഡി വെള്ളം ആവശ്യമാണ്. ഇതിൽ 1,470 എം.എൽ.ഡി കാവേരി നദിയിൽ നിന്നും 650 എം.എൽ.ഡി കുഴൽക്കിണറുകളിൽ നിന്നും വരുന്നു. ഏകദേശം 500 എം.എൽ.ഡിയുടെ കുറവുണ്ട്. ജലസ്രോതസ്സുകൾ കയ്യേറ്റം ചെയ്യുന്നതാണ് ഇത്തരത്തിൽ രൂക്ഷ ജലക്ഷാമത്തിന് കാരണം മുഖ്യമന്ത്രി അറിയിച്ചു. ജലക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന കാവേരി അഞ്ച് പദ്ധതിയിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാവേരിയിലും കബനിയിലും ആവശ്യമായ കുടിവെള്ള സംഭരണം ഞങ്ങൾക്കുണ്ട്. അത് ജൂൺ വരെ മതിയാകും. 313 പ്രദേശങ്ങളിൽ അധിക കുഴൽക്കിണറുകൾ കുഴിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അതേസമയം നിർജീവമായ 1200 എണ്ണം പുനരുജ്ജീവിപ്പിക്കുമെന്നും വറ്റിവരണ്ട തടാകങ്ങൾ നികത്തുന്നതിനുള്ള നടപടികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ജനങ്ങൾ കൂടുതൽ വെള്ളം വാങ്ങാൻ നിർബന്ധിതരായതോടെ 200 സ്വകാര്യ ടാങ്കറുകൾക്ക് നാല് മാസത്തേക്ക് നിരക്ക് നിശ്ചയിക്കാൻ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തെ നിവാസികളിൽ 60 ശതമാനവും ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ചേരികളിലും കുഴൽക്കിണറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വെള്ളം എത്തിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ ഉൾപ്പെടെ എല്ലാ സ്വകാര്യ വാട്ടർ ടാങ്കറുകളും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കുടിവെള്ളം നൽകാൻ സർക്കാരിന് ഫണ്ടിന്‍റെ കുറവില്ലെന്നും ഭാവിയിൽ ഇത്തരം പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.