ബംഗളൂരു എ.ടി.എം ആക്രമണം: മൂന്നു വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍
text_fieldsബംഗളൂരു: നഗരത്തില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ച് കടന്ന പ്രതി മൂന്നു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. ചിറ്റൂര്‍ ജില്ലയിലെ മദനപള്ളിയില്‍നിന്ന് മധുകര്‍ റെഡ്ഡിയെ ആന്ധ്രപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് മദനപള്ളിക്കു സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇദ്ദേഹത്തെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2013 നവംബര്‍ 19നാണ് കോര്‍പറേഷന്‍ ബാങ്ക് ജീവനക്കാരിയായ യുവതി നഗരത്തിലെ എ.ടി.എമ്മില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റെഡ്ഡി. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇദ്ദേഹം അഞ്ചു വര്‍ഷത്തെ തടവിനൊടുവില്‍ ജയില്‍ ചാടിയിരുന്നു. പിന്നാലെ ചിറ്റൂര്‍ പൊലീസ് പിടികൂടിയെങ്കിലും വീണ്ടും ജയില്‍ചാടി രക്ഷപ്പെടുകയായിരുന്നു.
ആന്ധ്ര പൊലീസ് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസ് മദനപള്ളിയിലത്തെിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി ബംഗളൂരു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് അന്വേഷണത്തിനായി നഗരത്തിലത്തെിക്കും. ആന്ധ്രപ്രദേശിലെ വിവിധ എ.ടി.എമ്മുകളിലും സമാനരീതിയില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജ്യോതി പണമെടുക്കാന്‍ എ.ടി.എമ്മില്‍ കയറിയ ഉടനെ ഇയാളും കയറി. ഷട്ടറടച്ചതിനുശേഷം യുവതിയോട് പണമെടുക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച യുവതിയെ വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കിയ ഇയാള്‍ പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുകയും ചെയ്തു. സുഷുമ്നാ നാഡിക്ക് ക്ഷതം പറ്റിയ ജ്യോതിയുടെ വലതുവശം തളര്‍ന്നു. ബംഗളൂരു ബി.ജി.എസ് ഗ്ളോബല്‍ ആശുപത്രിയില്‍ ഒരു മാസത്തിലധികം നീണ്ട ചികിത്സക്കുശേഷമാണ് അവര്‍ ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.