ബംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
text_fieldsബംഗളൂരു: തിരക്കേറിയ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്. പത്തുപേർക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് കമിഷണറുടെ ഓഫിസ് അറിയിച്ചു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും പറഞ്ഞു.
ആഹാരം കഴിക്കാൻ വന്ന 40 വയസ്സ് തോന്നിക്കുന്ന സ്ത്രീക്ക് സാരമായി പരിക്കേറ്റു. ഇവരെ ബ്രൂക്ക് ഫീൽഡ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാറൂഖ് ഹുസൈൻ (19), ദീപാൻശു കുമാർ (23), സ്വർണമ്പ നാരായണപ്പ (45) എന്നിവരെ ചെവിയുടെ ഭാഗത്ത് സാരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന അഞ്ചു പേരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് 1.05നാണ് സ്ഫോടനമുണ്ടായത്. കഫേയിലെ കൈകഴുകുന്ന സ്ഥലത്ത് യുവാക്കൾ ഉപേക്ഷിച്ചുപോയ ബാഗിൽനിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജീവനക്കാർ അറിയിച്ചതായി കഫേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര പറഞ്ഞു. ഉടൻ പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു.
സ്ഫോടനം നടന്ന ഭാഗത്ത് പാചകവാതക സിലിണ്ടറോ വാതകപൈപ്പോ ഇല്ലെന്ന് ദിവ്യ പറഞ്ഞു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡി.ജി.പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ഡി.ജി.പി അലോക് മോഹൻ പറഞ്ഞു. പിന്നിൽ ആരെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. ആരുടെയും പരിക്ക് അതിഗുരുതരമല്ല. പരിക്കേറ്റവരിൽ ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടും. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ബാറ്ററികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. എൻ.ഐ.എക്കും ഇന്റലിജൻസ് ബ്യൂറോക്കും വിവരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.