ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും. ലഫ്റ്റനന്‍റ് കമാൻഡർ കേണൽ അബു മുഹമ്മദ് ഷഹിനൂർ ഷാവോണിന്‍റെ നേതൃത്വത്തിൽ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്. ബംഗ്ലാദേശ് സേനയിലെ നാവിക, വ്യോമസേനകളെ പ്രതിനിധികരിച്ച് ലഫ്റ്റനന്‍റ് ഫർഹാൻ ഇശ്റാഖും ഫ്ലൈറ്റ് ലഫ്റ്റനന്‍റ് സിബാത് റഹ്മാനും പരേഡിന്‍റെ ഭാഗമായി.
ഈസ്റ്റ് ബംഗാൾ റെജിമെന്‍റിലെ 1, 2, 3, 4, 8, 9, 10, 11 യൂനിറ്റുകളും ഫീൽഡ് ആർട്ടിലറി റെജിമെന്‍റിലെ 1, 2, 3 യൂനിറ്റുകളുമാണ് അണിനിരന്നത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിരമൃത്യുവരിച്ചവർക്ക് ആദരം അർപ്പിച്ച് പ്രത്യേക 'റെഡ് കോളർ' സേനാംഗങ്ങൾ ധരിച്ചിട്ടുണ്ട്. 'ഷോനോ ഏക്തി മുജീബുർ എർ തെക്കോ ലോകോ മുജീബുർ' (ശ്രവിക്കുക, മുജിബറിന്‍റെ ശബ്ദം അദ്ദേഹത്തിന്‍റെ ലക്ഷക്കണക്കിന് അനുയായികളാൽ വർധിച്ചു) എന്ന ഗാനമാണ് സൈനിക ബാന്‍റ് വായിച്ചത്.
ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പരേഡിന് മുമ്പായാണ് ബംഗ്ലാദേശ് സേനയുടെ മാർച്ച് പാസ്റ്റ് നടന്നത്. മൂന്നാം തവണയാണ് ഒരു വിദേശ രാജ്യത്തിന്‍റെ സേന ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാവുന്നത്. 2016ൽ ഫ്രാൻസും 2017ൽ യു.എ.ഇയും പങ്കെടുത്തിരുന്നു.
പാകിസ്താനിൽ നിന്ന് ബംഗ്ലാദേശ് മുക്തമായിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സൈന്യത്തെ കൂടി ഉൾപ്പെടുത്തിയത്. 1971ൽ പാകിസ്താനിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിൽ ഇന്ത്യ മുഖ്യപങ്ക് വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.