പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കി. വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുൽ മോമെൻറ ത്രിദിന ഇന്ത്യ സന്ദർശനമാണ് റദ്ദാക്കിയത്.
ഇന്തോ-പസഫിക് റീജണൽ ചർച്ചക്കായി അബ്ദുൽ മോമൻ ഇന്ന് വൈകീട്ട് 5.20 ന് ഡൽഹിയിലെത്തുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായതോടെ സന്ദർശനം റദ്ദാക്കി സന്ദേശമയക്കുകയായിരുന്നു.
അതേസമയം, അയൽരാജ്യമായ ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ അബ്ദുൽ മോമൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്നും എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പൗരത്വ ഭേദഗതി ബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുൽ മോമൻ വ്യക്തമാക്കിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.