കാണാതായ ബംഗ്ലാദേശ് എം.പി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു
text_fieldsകൊൽക്കത്ത/ധാക്ക: കൊൽക്കത്തയിൽ ചികിത്സക്കെത്തിയ ശേഷം കാണാതായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുൽ അസിം അനാറിനെ ക്രൂരമായി കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് സർക്കാർ. കൊൽക്കത്തയിലെ ഒരു വീട്ടിൽ വെച്ച് ആസൂത്രിതമായി അനാർ കൊല്ലപ്പെട്ടതായും ഇരുരാജ്യങ്ങളിലെയും പൊലീസ് ഒരേസമയം അന്വേഷണം നടത്തുന്നുണ്ടെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ ധാക്കയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ വാരി മേഖലയിൽനിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് അധികൃതർ സ്ഥിരീകരിച്ചു. അന്വേഷണം സംസ്ഥാന സി.ഐ.ഡി ഏറ്റെടുത്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. 56കാരനായ അൻവർ കൊല്ലപ്പെട്ടതാകാമെന്ന് വിശ്വസനീയമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി അഖിലേഷ് ചതുർവേദി പറഞ്ഞു.
ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുൽ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച് കൊൽക്കത്തയിലെ സുഹൃത്തായ ഗോപാൽ ബിശ്വാസ് ഈ മാസം 18ന് നൽകിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മേയ് 12ന് ബംഗ്ലാദേശിൽനിന്നെത്തിയ അനാർ, ഗോപാൽ ബിശ്വാസിന്റെ വസതിയിലാണ് താമസിച്ചത്. 13ന് ഡോക്ടറെ കാണാനായി പുറപ്പെട്ടു.
എന്നാൽ, അടിയന്തര കാര്യങ്ങൾക്കായി ഡൽഹിയിലേക്ക് പോകുകയാണെന്ന് അതേദിവസം വാട്സ് ആപ്പിൽ എം.പിയുടെ സന്ദേശം ലഭിച്ചു. താൻ ഡൽഹിയിലെത്തിയെന്നും കൂടെ ചില പ്രമുഖരുണ്ടെന്നും അദ്ദേഹം 15ന് സന്ദേശമയച്ചതായി ബിശ്വാസിന്റെ പരാതിയിലുണ്ട്. എന്നാൽ, കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ന്യൂ ടൗണിലെ ആഡംബര അപ്പാർട്ട്മെന്റിൽ മേയ് 13നാണ് ബംഗ്ലാദേശ് എം.പിയെ അവസാനമായി കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.