അജ്മീറിൽ പ്രാർഥിച്ച് ശൈഖ് ഹസീന
text_fieldsന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജസ്ഥാനിലെ അജ്മീർ ശെരീഫ് ദർഗയിലെത്തി പ്രാർഥന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശൈഖ് ഹസീനയും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ(സിഇപിഎ) നടപ്പാക്കുന്നതു സംബന്ധിച്ചും ചർച്ചകൾ ആരംഭിച്ചു.
ഹൈദരാബാദ് ഹൗസിൽ നടന്ന പ്രതിനിധിതല ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും ഏഴ് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ സഹകരണം വർധിപ്പിക്കുന്നതിനായി രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചിരുന്നു.
ബംഗ്ലാദേശ് ഉൽപന്നങ്ങളുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പകർച്ചവ്യാധി ഉണ്ടായിട്ടും, കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കിലായിരുന്നു.
1971-ലെ ബംഗ്ലാദേശിന്റെ വിമോചനയുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയെ പ്രധാനമന്ത്രി ശൈഖ് ഹസീന പ്രശംസിച്ചു. ഇന്ത്യയുമായുള്ള തന്റെ രാജ്യത്തിന്റെ ബന്ധം പുനഃസ്ഥാപിക്കുകയും ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന് അതീതമാണെന്നും കഴിഞ്ഞ ദശകത്തിൽ അത് ദൃഢമായിട്ടുണ്ടെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശ് സർക്കാർ നടപ്പാക്കുന്ന ബംഗബന്ധു ശൈഖ് മുജീബുർറഹ്മാൻ സ്റ്റുഡന്റ് സ്‌കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിനിടെ മരിച്ച ഇന്ത്യൻ സൈനികരുടെ മക്കൾക്കാണ് സ്കോളർഷിപ്പ്. ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.