നുഴഞ്ഞു കയറ്റക്കാരെ തല കീഴായി കെട്ടിത്തൂക്കിയിടുമെന്ന് അമിത് ഷാ; പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്
text_fieldsന്യൂഡൽഹി: തങ്ങളുടെ പൗരൻമാരെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച പ്രതിഷേധക്കുറിപ്പ് ബംഗ്ലാദേശ് ധാക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണർക്ക് കൈമാറിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. അങ്ങേയറ്റം പരിതാപകരമാണ് അമിത് ഷായുടെ പദപ്രയോഗമെന്ന് കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അങ്ങേയറ്റം അതൃപ്തിപ്പെടുത്തുന്നതും വേദനിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനയാണത്.
''അമിത്ഷായുടെ പ്രസ്താവനയിൽ ആഴത്തിലുള്ള വേദനയും അതൃപ്തിയും അറിയിക്കുകയും അത്തരം ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് രാഷ്ട്രീയ നേതാക്കളെ ഉപദേശിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.''-എന്നാണ് പ്രതിഷേധക്കുറിപ്പിലുള്ളത്.
അയൽരാജ്യത്തിനെതിരെ ഇത്തരം പരാമർശം നടത്തിയത് ഉന്നത രാഷ്ട്രീയ പദവി അലങ്കരിക്കുന്ന വ്യക്തിയാണ്. ഇത് പരസ്പര സഹകരണത്തിലും ബഹുമാനത്തിലും സൗഹൃദത്തിലും ഊന്നിയുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുമെന്നും കുറിപ്പിൽ മുന്നറിയിപ്പുണ്ട്.
ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കഴിഞ്ഞാഴ്ച അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരെ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഝാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഒരു പാഠം പഠിപ്പിക്കാനായി എല്ലാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും തലകീഴായി കെട്ടിത്തൂക്കിയിടും എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഭരണമാറ്റം വന്നാൽ മേഖലയിലെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പൂർണമായും ഇല്ലാതാക്കുമെന്നും അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി.
''ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ലാലു യാദവിന്റെ വോട്ട് ബാങ്കാണ് ഈ നുഴഞ്ഞു കയറ്റക്കാർ. നിങ്ങൾ ഭരണമാറ്റത്തിന് തയാറായാൽ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഝാർഖണ്ഡിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പു നൽകുന്നു.-അമിത് ഷാ പറഞ്ഞു.
ഗോത്രവർഗക്കാരുടെ ഇടയിലേക്ക് എത്തുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അത് തടയേണ്ടത് അത്യാവശ്യമാണ്. ബി.ജെ.പിക്ക് മാത്രമേ അതിനു കഴിയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.