അദാനിയുടേത് ഉൾപ്പെടെ വൈദ്യുതി കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്
text_fieldsധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കാലത്ത് അദാനി ഗ്രൂപ് ഉൾപ്പെടെ വിവിധ കമ്പനികളുമായി ഒപ്പുവെച്ച വൈദ്യുതി കരാറുകൾ പുനഃപരിശോധിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിയമിച്ച സമിതിയുടെ ശിപാർശ.
2009 മുതൽ 2024 വരെ ഒപ്പുവെച്ച പ്രധാന വൈദ്യുതോൽപാദന കരാറുകൾ പുനഃപരിശോധിക്കുന്നതിന് അന്വേഷണ ഏജൻസിയെ നിയമിക്കാനാണ് വൈദ്യുതി, ഊർജ, ധാതു വിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട ദേശീയ അവലോകന സമിതി ശിപാർശ ചെയ്തതെന്ന് ഇടക്കാല സർക്കാറിെന്റ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. അദാനി പവർ ലിമിറ്റഡിെന്റ ഉപസ്ഥാപനമായ അദാനി (ഗൊഡ്ഡ) ബി.ഐ.എഫ്.പി.സി.എല്ലിെന്റ 1234.4 മെഗാവാട്ട് കൽക്കരി പ്ലാന്റ് ഉൾപ്പെടെ ഏഴ് പദ്ധതികളാണ് പുനഃപരിശോധിക്കുന്നത്.
ശേഷിക്കുന്ന ആറെണ്ണത്തിൽ ഒന്ന് ചൈനീസ് കമ്പനിയുടേതാണ്. മറ്റുള്ളവ ബംഗ്ലാദേശ് കമ്പനികൾ നടപ്പാക്കുന്നവയാണ്. അന്താരാഷ്ട്ര നിയമപ്രകാരം കരാറുകൾ റദ്ദാക്കുന്നതിനോ പുനഃപരിശോധിക്കുന്നതിനോ ആവശ്യമായ തെളിവുകൾ സമിതി ശേഖരിച്ചതായി പ്രസ്താവനയിൽ പറയുന്നു. അന്തിമ തീരുമാനമെടുക്കുന്നതിന് സമിതിക്ക് കൂടുതൽ സമയം ആവശ്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഇതിനകം വൈദ്യുതി വിതരണം ചെയ്തതിന് 800 ദശലക്ഷം ഡോളറിെന്റ ബിൽ കുടിശ്ശികയാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ് അടുത്തിടെ ബംഗ്ലാദേശ് സർക്കാറിന് കത്തയച്ചിരുന്നു. എന്നാൽ, ഡോളർ പ്രതിസന്ധിയുണ്ടെങ്കിലും 150 ദശലക്ഷം ഡോളർ നൽകിയതായും ബാക്കി തുക ഉടൻതന്നെ നൽകാനാകുമെന്ന് കരുതുന്നതായും ബംഗ്ലാദേശ് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഡെവലപ്മെന്റ് ബോർഡ് അറിയിച്ചു.
അദാനിക്ക് സമൻസ് അയക്കാൻ എസ്.ഇ.സിക്ക് അധികാരമില്ലെന്ന്
ന്യൂയോർക്ക്: സൗരോർജ പദ്ധതി ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ വ്യവസായി ഗൗതം അദാനിക്കും സഹോദര പുത്രൻ സാഗർ അദാനിക്കുമെതിരെ നേരിട്ട് സമൻസ് അയക്കാൻ യു.എസ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന് (എസ്.ഇ.സി) അധികാരമില്ലെന്ന് നിയമവിദഗ്ധർ. അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം നയതന്ത്ര മാർഗത്തിലൂടെ മാത്രമേ വിദേശ പൗരന്മാർക്ക് സമൻസ് നൽകാൻ കഴിയൂ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൈക്കൂലിക്കേസിൽ നിലപാട് തേടി അദാനിക്കും സാഗർ അദാനിക്കുമെതിരെ ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി മുഖേന എസ്.ഇ.സി സമൻസ് അയച്ചതായി കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. അഹ്മദാബാദിലെ ഇരുവരുടെയും വസതികളിലേക്ക് സമൻസ് അയച്ചുവെന്നായിരുന്നു റിപ്പോർട്ട്. ആരോപണങ്ങളിൽ 21 ദിവസത്തിനകം മറുപടി നൽകണമെന്നും അല്ലാത്തപക്ഷം കേസ് തീർപ്പാക്കുമെന്നാണ് സമൻസിൽ പറയുന്നത്.
എന്നാൽ, വിദേശ പൗരന്മാർക്കെതിരെ നേരിട്ട് സമൻസ് അയക്കാൻ എസ്.ഇ.സിക്ക് അധികാരമില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസി വഴി മാത്രമേ സമൻസ് അയക്കാൻ സാധിക്കൂ. 1965ലെ ഹേഗ് ഉടമ്പടിയും ഇന്ത്യയും അമേരിക്കയും തമ്മിലെ മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് കരാറുമാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ നിഷ്കർഷിക്കുന്നത്.
ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിലെ കേസിനൊപ്പമാണ് സമൻസും ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ സമൻസ് സമർപ്പിച്ചുവെങ്കിലും അദാനിക്കും സാഗർ അദാനിക്കും അയക്കുന്നതിന് സമയമെടുക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇരുവർക്കും ഇതുവരെ സമൻസ് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.