വിദേശ, ആഭ്യന്തര മന്ത്രിമാരുടെ യാത്ര റദ്ദാക്കി ബംഗ്ലാദേശ്; മയപ്പെടുത്താൻ ഇന്ത്യ
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്ലിനെക്കുറിച്ച മോദിസർക്കാറിെൻറ വിശദീകരണത്ത ിൽ അതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മോമൻ, ആഭ്യന്തര മന്ത്രി അസദുസ്സമാൻഖാൻ എന്നിവരുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി. പ്രതിഷേധം തണുപ്പിക്കാൻ നയതന്ത്ര തലത്തിൽ വിശദീകരണവുമായി ഇന്ത്യ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ന്യൂനപക്ഷ പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവർക്ക് പൗരത്വം നൽകാനാണ് ബിൽ പാർലമെൻറ് പാസാക്കിയതെന്നാണ് സർക്കാറിെൻറ വിശദീകരണം. ഇതിനർഥം അവിടെ ന്യൂനപക്ഷ പീഡനം നടക്കുെന്നന്നു കൂടിയാണെന്നിരിക്കേ, അതിനോടുള്ള പ്രതിഷേധമാണ് ബംഗ്ലാദേശ് പ്രകടിപ്പിച്ചത്.
ബംഗ്ലാദേശ് അധികൃതരോട് കേന്ദ്രം വിശദീകരണങ്ങൾ നൽകിയതിനെ തുടർന്ന് പ്രതിഷേധം മയപ്പെട്ടതിെൻറ സൂചന പുറത്തു വന്നു. യാത്ര റദ്ദാക്കിയത് ബംഗ്ലാദേശിെൻറ ഒരു ആഘോഷപരിപാടി മുൻനിർത്തിയാണെന്ന് അവിടത്തെ ഭരണകൂടം വിശദീകരിച്ചു. യാത്ര റദ്ദാക്കിയതിൽനിന്ന് കൂടുതലൊന്നും വായിച്ചെടുക്കാനില്ലെന്ന് ഇന്ത്യയും വിശദീകരിച്ചു. ഇപ്പോഴത്തെ ബംഗ്ലാദേശ് ഭരണകൂടം അവിടത്തെ ന്യൂനപക്ഷങ്ങളുടെ ഉത്കണ്ഠകൾ പരിഹരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നാണ് വിദേശമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ വിശദീകരിച്ചത്. പട്ടാള ഭരണകാലത്തും മുൻസർക്കാറുകളുടെ കാലത്തുമാണ് പീഡനങ്ങൾ നടന്നത്. അതേ തുടർന്ന് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുന്നത്. ശൈഖ് ഹസീന ഭരണകൂടവുമായി ഇന്ത്യക്ക് ശക്തവും ഊഷ്മളവുമായ ബന്ധമാണുള്ളതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
ബുദ്ധിജീവി, വിജയ് ദിവസ് ആഘോഷങ്ങൾ 12 മുതൽ 14 വരെ നടക്കുന്നതുകൊണ്ടാണ് തനിക്ക് ഡൽഹി യാത്ര റദ്ദാക്കേണ്ടി വന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുൽ മോമൻ പിന്നീട് പറഞ്ഞു. സഹമന്ത്രി മാഡ്രിഡിലും വിദേശകാര്യ സെക്രട്ടറി ഹേഗിലുമാണ്. അതുകൊണ്ട് വിദേശകാര്യ മന്ത്രി ധാക്കയിൽതന്നെ ഉണ്ടാകേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നയതന്ത്ര യാത്രകൾ കരുതലോടെ ആസൂത്രണം ചെയ്യുന്നതാണ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകൾക്കാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യാഴാഴ്ച ഡൽഹിയിൽ എത്തേണ്ടിയിരുന്നത്. ദേശീയ ദിനാഘോഷങ്ങൾ പോലുള്ള സുപ്രധാന കാര്യങ്ങൾ കണക്കിലെടുത്ത ശേഷമാണ് രാജ്യങ്ങൾ പരസ്പരം ചർച്ച പരിപാടി നിശ്ചയിക്കുന്നതെന്നിരിക്കേതന്നെയാണ്, ഇക്കാരണത്തിെൻറ പേരിൽ യാത്ര റദ്ദാക്കിയെന്ന നയതന്ത്ര വിശദീകരണങ്ങൾ.
ന്യൂനപക്ഷ പീഡനം നടക്കുെന്നന്ന വിവരം ആരാണ് ഇന്ത്യക്ക് നൽകിയത്, അതു തെറ്റാണെന്ന് അബ്ദുൽ മോമൻ ഏതാനും ദിവസം മുമ്പ് ധാക്കയിൽ പറഞ്ഞിരുന്നു. ചരിത്രപരമായി സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യ. മതേതര നിലപാടുകൾ ദുർബലപ്പെടുന്നത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളും പാകിസ്താനുമായുള്ള ഉഭയകക്ഷി കരാറുകളും ലംഘിക്കുന്നതാണ് പൗരത്വ നിയമഭേദഗതി ബില്ലെന്ന് നേരത്തേ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കുറ്റപ്പെടുത്തിയിരുന്നു. ആർ.എസ്.എസിെൻറ ഹിന്ദുരാഷ്ട്ര പദ്ധതിയുടെയും മോദിസർക്കാറിെൻറ ഫാഷിസ്റ്റ് നടപടികളുടെയും ഭാഗമാണ് ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശിനോടുള്ളതിൽ നിന്ന് ഭിന്നമായി പാകിസ്താനിൽനിന്നുള്ള വിമർശനത്തെ കടുത്ത ഭാഷയിൽ വിദേശകാര്യ വക്താവ് നേരിട്ടു. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനം നടക്കുന്നുണ്ടെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് അനുസൃതമായി ന്യൂനപക്ഷ രക്ഷക്ക് പാക് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.