കോവിഡ്, യുക്രെയ്ൻ വിഷയങ്ങളിൽ മോദിസർക്കാരിന്റെ നിലപാടിനെ പ്രകീർത്തിച്ച് ശൈഖ് ഹസീന
text_fieldsധാക്ക: കോവിഡ് കാലത്തും യുക്രെയ്ൻ യുദ്ധത്തിലും ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രകീർത്തിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റഷ്യയുടെ ആക്രമണത്തോടെ യുക്രെയ്നിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തെത്തിക്കാൻ മോദി സർക്കാർ സ്വീകരിച്ച നടപടികളെയാണ് ശൈഖ് ഹസീന അഭിനന്ദിച്ചത്. അതുപോലെ കോവിഡ് പടർന്നു പിടിച്ചപ്പോൾ അയൽരാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ ഇന്ത്യ മുൻ കൈയെടുത്തതും വലിയ മാതൃകയാണെന്നും അവർ പറഞ്ഞു.
''റഷ്യ യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയപ്പോൾ നിരവധി വിദ്യാർഥികളാണ് അവിടെ കുടുങ്ങിപ്പോയത്. പോളണ്ടിലാണ് അവരിൽ കൂടുതൽ ആളുകളും അഭയം തേടിയത്. എന്നാൽ ഇന്ത്യൻ വിദ്യാർഥികളെ ഉടൻ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. വളരെ സൗഹാർദമായ ഒരു മനോഭാവമാണ് ഇക്കാര്യത്തിൽ നിങ്ങൾ സ്വീകരിച്ചത്. ഈ നടപടിക്ക് പ്രധാനമന്ത്രി മോദിക്ക് ഞാൻ നന്ദി പറയുന്നു''-എന്നായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞത്.
അതുപോലെ ബംഗ്ലാദേശിനു മാത്രമല്ല, വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി വാക്സിനുകൾ ലഭിച്ചത്. ചില ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ നിലപാട് വളരെ സഹായകമായി-ഹസീന കൂട്ടിച്ചേർത്തു. 1971ലെ യുദ്ധകാലത്തും ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചിരുന്ന കാര്യവും ഹസീന ഓർത്തെടുത്തു. 1975ൽ തന്റെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടപ്പോൾ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് അഭയം നൽകിയതെന്ന കാര്യവും ഹസീന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.