ആൾക്കൂട്ട മർദനത്തിനിരയായ മുസ്ലിം യുവാവിനെതിരെ പീഡന പരാതി; പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന്
text_fieldsഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്രൂര ആൾക്കൂട്ട മർദനത്തിന് ഇരയായ 25കാരനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ്. ആക്രമണം നടന്ന് 24 മണിക്കൂറിനിടെയാണ് 13കാരിയെ ഉപദ്രവിച്ചുവെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തത്.
ഗോവിന്ദ് നഗറിൽ വളക്കച്ചവടം നടത്തിയ 25കാരൻ തസ്ലീമിനുനേരെയാണ് ആക്രമണമുണ്ടായത്. ഹിന്ദുവാണെന്ന് ചമഞ്ഞ് വ്യാജപേര് ഉപയോഗിച്ച് പ്രദേശത്ത് കച്ചവടം നടത്തിയെന്നാരോപിച്ചായിരുന്നു തസ്ലിമിന് നേരെ മർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് തസ്ലിമിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
ആഗസ്റ്റ് 22ന് ഉച്ച രണ്ടുമണിയോടെ താനും അമ്മയും മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ യുവാവ് വളവിൽക്കാനെത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ആഗസ്റ്റ് 23ന് വൈകിട്ട് 5.49നാണ് പെൺകുട്ടിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊതു നാണക്കേട് ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
എന്നാൽ, പെൺകുട്ടി പരാതി നൽകുന്നതിന് മുമ്പുതന്നെ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര യുവാവിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാവിലെ 11ഓടെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
'ഇയാൾ പേരും മതവും പിതാവിന്‍റെ പേരും ജാതിയും മറച്ചുവെച്ച് വളകൾ വിൽക്കുകയായിരുന്നു. ഇയാൾക്ക് രണ്ട് ആധാർ കാർഡുകളുണ്ട്. കൂടാതെ വളകൾ വിൽക്കുന്നതിനിടെ മോശമായി പെരുമാറുകയും ചെയ്തു. ഇതാണ് മർദനത്തിന് കാരണമായതെന്ന് എന്നോട് പൊലീസ് അറിയിച്ചു' -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടക്കുേമ്പാൾ പിതാവ് മാർക്കറ്റിൽ പോയിരിക്കുകയാണെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. എന്നാൽ, യുവാവിനെ മർദിക്കുന്ന മൂന്നുപേരിൽ ഒരാൾ പെൺകുട്ടിയുടെ പിതാവാണെന്ന് ഇൻഡോർ പൊലീസ് സൂപ്രണ്ട് അശുതോഭ് ബഗ്രിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമായിരുന്നു.
തസ്ലിമിന്റെ പരാതിയിൽ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഒരു എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മർദനമേറ്റ ശേഷം ഉടൻ തന്നെ തസ്ലിം പൊലീസ് സ്റ്റേഷനിെലത്തിയിരുന്നു. ഞായറാഴ്ച നടന്ന അക്രമത്തിൽ അന്നുതന്നെ യുവാവ് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ െചയ്യാൻ വൈകിയതെന്താണെന്ന് പൊലീസ് വ്യക്തമാക്കാൻ തയാറായിട്ടില്ല. പ്രതിഷേധം ഉയർന്നതോടെ തസ്ലിമിന്റെ പരാതിയിൽ പൊലീസ് കേസ് എടുക്കാൻ തയാറായതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായിരുന്നു. ഗോവിന്ദ് നഗറിൽ ഇനി മേലിൽ വരരുതെന്നും ഞങ്ങളുടെ പെങ്ങൻമാരും പെൺമക്കളും വരുന്നയിടത്ത് വള വിൽക്കുകയാണോ എന്നും ചോദിച്ചായിരുന്നു മർദനം. ക്രൂരമായി മർദിച്ച ശേഷം യുവാവിന്‍റെ കച്ചവട സാധനങ്ങളും നശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.