പോരാട്ടം നിലക്കുന്നില്ല, വൈറ്റ്ഫീൽഡുകാർ സംരക്ഷിക്കുന്നത് 70 മരങ്ങൾ
text_fieldsബംഗളൂരു: കഴിഞ്ഞ ജനുവരി മുതൽ വൈറ്റ്ഫീൽഡുകാർ നിരന്തരമായ പോരാട്ടത്തിലാണ്. വൈറ്റ്ഫീൽഡിലെ ജി.ആർ ടെക് പാർക്കിന് സമീപമുള്ള റോഡരികിലെ മരങ്ങൾ മുറിക്കാതിരിക്കാനായാണ് അവരുടെ പോരാട്ടം. തുടർച്ചയായ സമരപരിപാടികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പ്രദേശവാസികൾ ചേർന്ന് 70 മരങ്ങളാണ് സംരക്ഷിച്ചത്. ഇപ്പോൾ മരം മുറിക്കാനുള്ള സാഹചര്യമില്ലെങ്കിലും ഏതുനിമിഷവും നവീകരണ പ്രവൃത്തിയുടെ പേരിൽ മരങ്ങളിൽ യന്ത്രവാൾ വീഴാം.
അതിനാൽ തന്നെ കഴിഞ്ഞ ദിവസം വീണ്ടും ബി.ബി.എം.പിക്ക് പരാതി നൽകിയിരിക്കുകയാണ് പ്രദേശവാസികൾ. 2020 ആഗസ്റ്റ് മുതലാണ് ജി.ആർ ടെക് പാർക്കിന് സമീപത്തെ റോഡരികിലെ മരങ്ങൾ സംരക്ഷിക്കാനുള്ള കാമ്പയിൻ ആരംഭിച്ചത്. നഗരവികസനത്തിെൻറ ഭാഗമായി റോഡരികിൽ പുതിയ അഴുക്കുചാൽ നിർമിച്ച് റോഡ് വീതികൂട്ടാനായിരുന്നു ബി.ബി.എം.പിയുടെ തീരുമാനം. ഇതിനായി ബി.ബി.എം.പി മരങ്ങൾ മുറിക്കാൻ തീരുമാനിച്ചു. പത്തു വലിയ മരങ്ങൾ മുറിക്കുകയും ചെയ്തു.
പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിൽ മരംമുറി നിർത്തിയെങ്കിലും കഴിഞ്ഞ ജനുവരിയിൽ പദ്ധതി വീണ്ടും ആരംഭിച്ചു. കുറച്ചു മരങ്ങൾകൂടി മുറിച്ചു. ശരിയായ രീതിയിലല്ല നടപ്പാത നിർമിക്കുന്നതെന്നും വീതിയില്ലെന്നുമുള്ള ആരോപണവും ഉയർന്നു. ഇതോടെ കഴിഞ്ഞ ജനുവരിയിൽ പ്രതിഷേധം കനത്തു. തുടർന്ന് മരംമുറി തൽക്കാലത്തേക്ക് നിർത്തിവെച്ചു. അങ്ങനെയാണ് 70 മരങ്ങൾ ഇപ്പോഴും അവിടെ മുറിച്ചുമാറ്റപ്പെടാതെ നിൽക്കുന്നത്.
വെറും റോഡ് വികസനം മാത്രമല്ല വേണ്ടതെന്നും സുസ്ഥിരമായ വികസനത്തിന് മരങ്ങളും നടപ്പാതകളും എല്ലാം ആവശ്യമാണെന്നും ഇവക്കും മുഖ്യപരിഗണന നൽകണമെന്നുമാണ് പ്രദേശവാസികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. മരം മുറിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇലക്ട്രോണിക് സിറ്റിയിലെ പ്രദേശവാസികൾ ബി.ബി.എം.പി കമീഷണരെയും അഡ്മിനിസ്ട്രേറ്ററെയും പരാതിയുമായി സമീപിച്ചത്.
റോഡ് വീതി കൂട്ടുന്ന പദ്ധതിയിൽ മാറ്റം വരുത്തി നടപ്പാതക്ക് വലുപ്പം കൂട്ടണമെന്നുമാണ് ആവശ്യം. മരങ്ങൾ മുറിച്ചുമാറ്റാതെ നടപ്പാതക്ക് വീതികൂട്ടാനാകും. ഇതോടൊപ്പം നേരത്തെ മുറിച്ച മരങ്ങൾക്ക് പകരമായി കൂടുതൽ വൃക്ഷത്തൈകൾ നടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന പാതയല്ലാത്തതിനാൽതന്നെ റോഡിലൂടെയുള്ള വാഹനങ്ങളും കുറവാണ്. അതിനാൽ നടപ്പാതക്കായിരിക്കണം പ്രാധാന്യമെന്നാണ് അഭിപ്രായമുയരുന്നത്. ഇതുസംബന്ധിച്ച വിശദമായ പരാതി ബി.ബി.എം.പിക്ക് കൈമാറിയിട്ടുണ്ടെന്ന് നമ്മ വൈറ്റ്ഫീൽഡ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.