പള്ളികളിലെ ബാങ്കുവിളി മറ്റുള്ള വിശ്വാസത്തെ ഹനിക്കുന്നില്ല, ഹരജി തീർപ്പാക്കി കർണാടക ഹൈക്കോടതി
text_fieldsബംഗളൂരു: മുസ്ലിം പള്ളികളിലെ ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന് കർണാടക ൈഹക്കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുവിളിക്കെതിരെ ആർ. ചന്ദ്രശേഖർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി തിങ്കളാഴ്ച തീർപ്പാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹരജി തീർപ്പാക്കിയത്.
പരാതിക്കാരന് വേണ്ടി അഡ്വ. മജ്ഞുനാഥ് ആണ് ഹാജരായത്. ബാങ്കുവിളി മുസ്ലിംകളുടെ അവിഭാജ്യ മതകാര്യം ആണെങ്കിലും ഇതിലെ 'അല്ലാഹു അക്ബർ' (അല്ലാഹു വലിയവനാണ്) എന്നത് മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്‍റെ പ്രധാന വാദം. ഇതിനാൽ പള്ളികളിൽ നിന്ന് ലൗഡ്സ്പ്പീക്കറിലൂടെ ബാങ്കുവിളിക്കുന്നത് നിർത്തണമെന്നും ആവശ്യമുണ്ടായിരുന്നു.
ഹരജിയിൽ ബാങ്കുവിളിയിലെ മറ്റ് വാചകങ്ങളും ഉണ്ടായിരുന്നുവെങ്കിലും താങ്കളുടെ അവകാശങ്ങളെ ഹനിക്കുന്നത് എന്ന് താങ്കൾ തന്നെ പറയുന്ന ബാങ്കിലെ വാക്യങ്ങൾ എന്തിനാണ് വായിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) എല്ലാവർക്കും അവരവരുടെ മതവിശ്വാസങ്ങൾ സ്വതന്ത്ര്യമായി പാലിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നുണ്ട്. ഇത് നിയന്ത്രണങ്ങളും പൊതുനിയമങ്ങളും പാലിച്ചായിരിക്കണം. പ്രാർഥനക്ക് മുസ്ലിംകളെ ക്ഷണിക്കുന്നതാണ് ബാങ്കുവിളി. അത് അവരുടെ അവിഭാജ്യ ഘടകമാണെന്ന് പരാതിക്കാരൻ തന്നെ സമ്മതിക്കുന്നുണ്ട്. അത് ഹരജിക്കാരന്‍റേയോ മറ്റുള്ളവരുടെയോ അടിസ്ഥാന അവകാശത്തെ ബാധിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
ലൗഡ്സ്പീക്കറുകളടക്കമുള്ള ശബ്ദസാമഗ്രികൾ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി പാലിക്കുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.