ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യക്കുറിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഉൾപ്പെടെ പേര്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ പൊതുമേഖല ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ. ഒക്ടോബർ 30നാണ് സംഭവം.
പഞ്ചാബ് നാഷനൽ ബാങ്ക് ജീവനകാരിയായ ശ്രദ്ധ ഗുപ്തയെയാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ പാദങ്ങൾ നിലത്ത് മുട്ടിയ നിലയിലായിരുന്നു. അതിനാൽ തന്നെ കൊലപാതകമാണോയെന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് ആത്മഹത്യക്കുറിപ്പിലെ പ്രധാന പരാമർശം. കൂടാതെ അയോധ്യയിലെ എസ്.എസ്.പിയായിരുന്ന ആശിഷ് തിവാരി, യുവതിയുടെ മുൻ പ്രതിശ്രുത വരൻ വിവേക് ഗുപ്ത, ഫൈസാബാദ് പൊലീസിലെ അനിൽ റാവത്ത് എന്നിവരുടെ പേരുകളും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
2015ലാണ് ശ്രദ്ധ ഗുപ്ത ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് വകുപ്പുതല പരീക്ഷയെഴുതി സ്ഥാനക്കയറ്റം നേടി. 2018ൽ ഫൈസാബാദിൽ നിയമനം നേടി. ലഖ്നോവിലെ രാജാജിപുരം സ്വദേശിയാണ് അവിവാഹിതയാണ് ശ്രദ്ധ.
ശ്രദ്ധയുടെ മരണത്തിൽ വിവേക് ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് കുറിപ്പിൽ പറയുന്ന നാലുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രതിശ്രുത വരന് നിരവധി പെൺകുട്ടികളുമായി ബന്ധം ഉണ്ടെന്ന് മനസിലാക്കിയതോടെ ശ്രദ്ധ വിവാഹത്തിൽനിന്ന് പിന്മാറിയിരുന്നതായി മാതാവ് സുനീത പറയുന്നു. വിവേകിന്‍റെ സുഹൃത്തുക്കളാണ് അനിലും ആശിഷും. ഇവർ നിരന്തരം ശ്രദ്ധയെ അപമാനിച്ചിരുന്നതായി അടുത്ത ബന്ധുവും മൊഴി നൽകി.
രാവിലെ പാൽക്കാരൻ വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതേദഹം ആശുപത്രിയിലേക്ക് മാറ്റി.
പൊലീസുകാരുടെ പേരെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
'അയോധ്യയിലെ വനിത പിൻ.എൻ.ബി ജീവനക്കാരിയുടെ ആത്മഹത്യക്കുറിപ്പിൽ പൊലീസുകാരെ സൂചിപ്പിക്കുന്നു. യു.പിയിലെ ക്രമസമാധാന നിലയാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേര് ഉയർന്നുവരുന്നത് ഗുരുതര വിഷയമാണ്. ജുഡീഷ്യൽ അേന്വഷണം വേണം' -അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.