ഹിമാചൽപ്രദേശ് നിയമസഭയിൽ ഖലിസ്താൻ പതാകകൾ: സിഖ് നിരോധിത സംഘടന നേതാവിനെതിരെ കേസ്
text_fieldsഷിംല: ഹിമാചൽപ്രദേശ് നിയമസഭയുടെ ഗേറ്റിൽ ഖലിസ്താൻ പതാകകളും ചുവരെഴുത്തുകളും കണ്ടെത്തിയ സംഭവത്തിൽ നിരോധിത സംഘടനാ നേതാവിനെതിരെ കേസ്. സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവിനെതിരെയാണ് കേസെടുത്തത്. ഭീകരവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് കേസ്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയെ 2019ൽ കേന്ദ്രം നിരോധിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ജയറാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത്തരം നടപടികൾ വെച്ച് പൊറുപ്പിക്കില്ല. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ജൂൺ 6ന് ഹിമാചലിൽ ഹിതപരിശോധന നടത്തണമെന്ന് ആഹ്വാനം ചെയ്ത് സിഖ് ഫോർ ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് പൊലീസ് മേധാവി സഞ്ജയ് കുണ്ടു വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളുൾപ്പടെ നിരോധിത സംഘടനയിലെ അംഗങ്ങളുടെ ഒളിത്താവളങ്ങൾ നിരീക്ഷിക്കാനും ബോംബ് നിർവീര്യ സ്ക്വാഡുൾപ്പടെ പ്രത്യേക യൂനിറ്റുകൾ ഏത് അടിയന്തര സാഹചര്യം നേരിടാനും സജ്ജമായിരിക്കണമെന്നും ഡി.ജി.പിയുടെ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.